സിക്കിം തൂത്തുവാരി എസ്കെഎം; പ്രേംസിങ് തമാങ് യുഗം തുടരും, ബൂട്ടിയയ്ക്ക് തോല്‍വി, ബിജെപിക്കും പ്രഹരം
ഗാങ്ടോക്: സിക്കിമില്‍ പ്രേംസിങ് തമാങ് യുഗം തുടരും. സിക്കിം നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നിലംപരിശാക്കി മുഖ്യമന്ത്രി പ്രേംസിങിന്റെ പാർട്ടിയായ സിക്കിം ക്രാന്തികാരി മോർച്ച (എസ്.കെ.എം.) സീറ്റുകള്‍ തൂത്തുവാരി.
സംസ്ഥാനത്ത് ആകെയുള്ള 32 സീറ്റുകളില്‍ 31 സീറ്റുകളും നേടിയാണ് എസ്കെഎം അധികാരത്തുടർച്ച നേടിയത്.
അഞ്ചുതവണ തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന പവൻ കുമാർ ചാംലിങ് യുഗം സിക്കിമില്‍ അവസാനിപ്പിച്ച് 2019-ലാണ് പ്രേംസിങ് തമാങ് ആദ്യമായി അധികാരത്തിലേറിയത്. അന്ന് എസ്കെഎമ്മിന് 17 സീറ്റുകളും പവൻ കുമാറിന്റെ പാർട്ടിയായ എസ്ഡിഎഫിന് 15 സീറ്റുകളുമായിരുന്നു നേടാനായത്. എന്നാലിത്തവണ എസ്ഡിഎഫ് ഒരു സീറ്റിലൊതുങ്ങി. പവൻ കുമാർ ചാംലിങ് അടക്കമുള്ളവർ പരാജയപ്പെട്ടു. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച പവൻ കുമാർ രണ്ടിടത്തും തോറ്റു. പോക് ലോക് കമ്രാങ് മണ്ഡലത്തില്‍ 3063 വോട്ടുകള്‍ക്കും നാംചെയ്ബംഗ് മണ്ഡലത്തില്‍ 1935 വോട്ടുകള്‍ക്കുമാണ് എസ്കെഎം സ്ഥാനാർഥികളോട് തോറ്റത്.
എസ്ഡിഎഫ് നേതാവും മുൻ ഇന്ത്യൻ ഫുട്ബോള്‍ ടീം ക്യാപ്റ്റൻ ബൈചൂങ് ബൂട്ടിയയും പരാജയപ്പെട്ടു. 4346 വോട്ടുകള്‍ക്കാണ് ബൈചൂങ് ബൂട്ടിയ എസ്കെഎം സ്ഥാനാർഥി റിക്ഷാല്‍ ഡോർജി ബൂട്ടിയയോട് തോറ്റത്.
സോറെങ് ചകുങ് മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയു മുഖ്യമന്ത്രി പ്രേംസിങ് തമാങ് 7396 വോട്ടുകള്‍ക്ക് വിജയിച്ചു.
പ്രേംസിങ് തമാങ്
പി.എസ്.ഗോലെ എന്ന പേരിലറിയപ്പെടുന്ന പ്രേംസിങ് തമാങ് 1990കളുടെ തുടക്കം മുതല്‍ സിക്കിമിന്റെ രാഷ്ട്രീയ രംഗത്ത് സജീവമാണ്. പശ്ചിമ സിക്കിം സ്വദേശിയായ അദ്ദേഹം 1993-ല്‍ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടില്‍ (എസ്ഡിഎഫ്) ചേർന്നു. 1994-ലെ സിക്കിം നിയമസഭാ തിരഞ്ഞെടുപ്പില്‍ ചക്കുങ് മണ്ഡലത്തില്‍ നിന്ന് വിജയിക്കുകയും 1999 വരെ മൃഗസംരക്ഷണം, വ്യവസായ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
എസ്ഡിഎഫ് അധ്യക്ഷൻ പവൻ കുമാർ ചാംലിങുമായുള്ള അഭിപ്രായ ഭിന്നതകള്‍ക്കൊടുവില്‍ 2013-ലാണ് അദ്ദേഹം സിക്കിം ക്രാന്തികാരി മോർച്ച (എസ്.കെ.എം.) എന്ന പുതിയ പാർട്ടി രൂപീകരിച്ചത്. തൊട്ടടുത്ത വർഷം നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 സീറ്റുകള്‍ നേടി എസ്.കെ.എം മുഖ്യപ്രതിപക്ഷമായി മാറുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവുംകൂടുതല്‍ കാലം തുടർച്ചയായി മുഖ്യമന്ത്രിയായ വ്യക്തി എന്ന നേട്ടത്തില്‍ നില്‍ക്കെ 2019-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പവൻ കുമാർ ചാംലിങിനെ പ്രേംസിങ് തമാങ് അധികാരത്തില്‍നിന്ന് താഴെയിറക്കി. 2024-ല്‍ ഒരു സീറ്റൊഴികെ സിക്കിം നിയമസഭ തൂത്തുവാരി കൊണ്ട് പ്രേംസിങ് സംസ്ഥാനത്ത് തന്റെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്.
ബിജെപിയും കോണ്‍ഗ്രസും
കോണ്‍ഗ്രസിനും ബിജെപിക്കും ഇത്തവണയും ഒരു സീറ്റില്‍പോലും ജയിക്കാനായിട്ടില്ല. 2019-ല്‍ ഒരു സീറ്റില്‍പോലും ജയിക്കാൻ കഴിയാതിരുന്നിട്ടും തിരഞ്ഞെടുപ്പിന് ശേഷം ബിജെപി സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയായി മാറിയിരുന്നു. പ്രതിപക്ഷ പാർട്ടിയായ എസ്ഡിഎഫിന്റെ പത്ത് എംഎല്‍എമാർ ഡോർജി ഷെറിംഗ് ലാപ്ചയുടെ നേതൃത്വത്തില്‍ ബിജെപിയില്‍ ചേരുകയുണ്ടായി. പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍കൂടി നേടി ബിജെപിക്ക് 12 എംഎല്‍എമാരുണ്ടായിരുന്നു.
സിക്കിമിലെ വോട്ട് വിഹിതം
ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച (എസ്.കെ.എം.)യുമായി സഖ്യമുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബായി എസ്കെഎമ്മുമായുള്ള സഖ്യം ബിജെപി ഉപേക്ഷിക്കുകയായിരുന്നു. പ്രതിപക്ഷത്ത് നിന്ന് എംഎല്‍എമാരെ അടർത്തിയെടുത്ത് ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയായി മാറിയ ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍പോലും ജയിക്കാനാകാത്തത് പാർട്ടിക്ക് കനത്ത പ്രഹരമാണ് ഉണ്ടാക്കിയിട്ടുള്ളത്. വോട്ട് വിഹിതം വർധിപ്പിക്കാനായി എന്നത് മാത്രമാണ് ഏക ആശ്വാസം. 1.62 ശതമാനം വോട്ടായിരുന്നു 2019-ല്‍ ബിജെപിക്ക് ലഭിച്ചത്. ഇത്തവണ അത് 5.3 ശതമാനമായി ഉയർത്തിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 0.77 ശതമാനത്തില്‍നിന്ന് 0.33 ശതമാനമായി കുറയും ചെയ്തു.