ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ; ആകാംക്ഷയോടെ രാജ്യം
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. 543 മണ്ഡലങ്ങളിലെ വിധി നാളെ രാവിലെ എട്ട് മണിമുതല്‍ അറിയാം. ആന്ധ്രാപ്രദേശ്, ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും നാളെ പുറത്തുവരും. വോട്ടെണ്ണലിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഏഴ് ഘട്ടങ്ങളിലായി മൂന്ന് മാസം നീണ്ടുനിന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തിനായി രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മോദി സർക്കാരിന് ഭരണത്തുടർച്ച ഉണ്ടാകുമോ, അതോ ഇൻഡ്യാ സഖ്യം അട്ടിമറി വിജയം നേടുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. എക്സിറ്റ് പോള്‍ പ്രവചനം പോലെ മോദി തരംഗം രാജ്യത്ത് ആഞ്ഞടിക്കും എന്നാണ് എൻ.ഡി.എ ക്യാമ്ബിന്റെ കണക്കുകൂട്ടല്‍. 295 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്ന് ഇൻഡ്യാ സഖ്യവും വിലയിരുത്തുന്നു. എക്സിറ്റ് പോള്‍ ഫലം പൂർണമായും ഇൻഡ്യാ സഖ്യം തള്ളിയിരുന്നു. എന്നിരിന്നാലും ചില സംസ്ഥാനങ്ങളില്‍ ആശങ്കയുണ്ട്.
വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ വിശദീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മാധ്യമങ്ങളെ കാണും. വോട്ടെണ്ണലില്‍ ചില അട്ടിമറി സാധ്യത ഇൻഡ്യാ സഖ്യം ഭയക്കുന്നുണ്ട്. ഇൻഡ്യാ സഖ്യത്തിന്റെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ആശങ്ക അറിയിച്ചിരുന്നു. രാവിലെ എട്ട് മുതല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയശേഷമാകും ഇ.വി.എം മെഷീനിലെ വോട്ടുകള്‍ എണ്ണുക.