തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ സിപിഎം സംസ്ഥാന നേതൃയോഗം ഇന്ന്
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം സംസ്ഥാനനേതൃത്വം ഇന്ന് യോഗം ചേരും. അഞ്ച് ദിവസം നീളുന്ന യോഗം വിളിച്ച് തോല്‍വി വിശദമായി പരിശോധിക്കാനാണ് സിപിഐഎം നേതൃത്വത്തിന്റെ തീരുമാനം.
തോല്‍വി ഗൗരവമായി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ന് തുടങ്ങുന്ന ദേശിയ നേതൃയോഗം കഴിഞ്ഞാല്‍ ജൂണ്‍ പത്തിന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേരുന്നുണ്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് ഒരടി പോലും മുന്നോട്ട് പോകാനായില്ല എന്നതാണ് ഇത്തവണത്തെ തോല്‍വി സിപിഐഎമ്മിന് നല്‍കിയിരിക്കുന്ന തിരിച്ചടി. ഒപ്പം കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറന്നതും വലിയ ആഘാതമായി. തിരഞ്ഞെടുപ്പ് ഫലം നല്കുന്ന സന്ദേശങ്ങള്‍ ഉള്‍ക്കൊളളുകയും തോല്‍വിയിലേക്ക് നയിച്ച കാരണങ്ങള്‍ വിലയിരുത്തുകയും ചെയ്യുക അനിവാര്യമാണ്. ഇതിന് വേണ്ടിയാണ് അഞ്ച് ദിവസം നീളുന്ന സംസ്ഥാന നേതൃ യോഗങ്ങള്‍ വിളിച്ചിരിക്കുന്നത്.