ഇ.ഡിക്കും സി.ബി.ഐക്കും മുന്നില്‍ അടിപതറാതെ മഹുവ മൊയ്ത്ര; പാര്‍ലമെന്റിലേക്ക് വീണ്ടും മാസ് എൻട്രി
പാർലമെന്റിലും പുറത്തും എന്നും ബി.ജെ.പിയുടെ പേടിസ്വപ്നമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ് മഹുവ മൊയ്ത്ര.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടക്കം ഒരുപാട് തവണ അവർ ചോദ്യമുനയില്‍ നിർത്തിപ്പൊരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ബി.ജെ.പി ഇവരെ പാർലമെന്റില്‍ നിന്ന് ‘പിൻവാതിലിലൂടെ’ പുറത്താക്കിയതും.
ചോദ്യത്തിന് കോഴ വാങ്ങിയെന്ന് ആരോപിച്ചായിരുന്നു ഇവരുടെ എം.പി സ്ഥാനം എടുത്തുകളഞ്ഞത്. എന്നാല്‍, തന്നെ പുറത്താക്കിയ പാർലമെന്റിലേക്ക് ജനവിധിയിലൂടെ കൂടുതല്‍ കരുത്തോടെ തിരിച്ചുവരികയാണ് അവർ. പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ നിന്ന് 57,083 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മഹുവ വിജയിച്ചത്. രാജകുടുംബാംഗമായ ബി.ജെ.പിയുടെ അമൃത റോയിയെയാണ് പരാജയപ്പെടുത്തിയത്.
എന്നും ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച നേതാവാണ് മഹുവ മൊയ്ത്ര. ബി.ജെ.പിക്ക് കീഴില്‍ രാജ്യം ഫാഷിസത്തിലേക്ക് പോവുകയാണെന്ന തീപ്പൊരി പ്രസംഗവുമായിട്ടാണ് അവർ പാർലമെന്റില്‍ വരവറിയിച്ചത്. ഈ പ്രസംഗം വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. പിന്നീടങ്ങോട് നിരന്തരം സർക്കാറിന് വിമർശിച്ച് മഹുവ മുൻനിരയില്‍ തന്നെയുണ്ടായിരുന്നു. ഒടുവില്‍ പാർലമെന്റില്‍നിന്ന് പുറത്താക്കുമ്ബോഴും ബി.ജെ.പിയെ കടന്നാക്രമിക്കാൻ അവർ മടിച്ചില്ല. ‘ഇത് നിങ്ങളുടെ അവസാനമാണ്. ഞങ്ങള്‍ തിരിച്ചുവരും. നിങ്ങളുടെ അവസാനം കാണുകയും ചെയ്യും’ എന്ന് പറഞ്ഞാണ് ഇവർ പാർലമെന്റില്‍ നിന്ന് പുറത്തുപോകുന്നത്.
എം.പി സ്ഥാനം നഷ്ടപ്പെട്ട ശേഷവും ബി.ജെ.പി മഹുവയെ നിരന്തരം വേട്ടയാടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയുമെല്ലാം അവരുടെ പിറകെയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് സമയത്തും കേന്ദ്ര ഏജൻസികള്‍ ഇവർക്ക് ചുറ്റും വട്ടമിട്ട് പറഞ്ഞു. തന്റെ പ്രചാരണം തടസ്സപ്പെടുത്താനും പ്രതിച്ഛായ തകർക്കാനും ബി.ജെ.പി സി.ബി.ഐയെയും ഇ.ഡിയെയും ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് മഹുവ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇത് കൂടാതെ വ്യാജ വീഡിയോകള്‍ വരെയിറക്കി ഇവരെ തോല്‍പ്പിക്കാൻ ശ്രമിച്ചു. എന്നാല്‍, ജനങ്ങളുടെ മനസ്സില്‍ നിന്ന് മഹുവയെ കുടിയിറക്കാനാകില്ലെന്ന് കൃഷ്ണനഗറിലെ ജനവിധി തെളിയിക്കുന്നു.