ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചതിന് മധ്യപ്രദേശില്‍ 11 വീടുകള്‍ തകര്‍ത്തു
ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ 11 വീടുകള്‍ തകർത്തു. ആദിവാസി ഭൂരിപക്ഷ മേഖലയായ മണ്ഡ്ലയിലാണ് സംഭവം.
സർക്കാർ ഭൂമിയില്‍ നിർമിച്ച വീടുകളാണ് തകർത്തതെന്നും അനധികൃത ബീഫ് വ്യാപാരത്തിനെതിരായ നടപടിയുടെ ഭാഗമായാണിതെന്നും പൊലീസ് അറിയിച്ചു. നൈൻപുരിലെ ഭൈൻവാഹി പ്രദേശത്ത് കശാപ്പിനായി നിരവധി പശുക്കളെ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് മണ്ഡ്ല എസ്.പി രജത് സക്ലേച പറഞ്ഞു.
പ്രതികളുടെ വീട്ടുമുറ്റത്ത് 150 പശുക്കളെ കെട്ടിയിട്ടതായി കണ്ടെത്തി. 11 പ്രതികളുടെയും വീട്ടിലെ ഫ്രിഡ്ജില്‍നിന്ന് പശു മാംസം പിടിച്ചെടുത്തു. മൃഗക്കൊഴുപ്പ്, കന്നുകാലികളുടെ തൊലി, എല്ലുകള്‍ എന്നിവ മുറിയില്‍ കൂട്ടിയിട്ടതായും കണ്ടെത്തി. പിടിച്ചെടുത്ത മാംസം ബീഫാണെന്ന് സർക്കാർ മൃഗഡോക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്. ഡി.എൻ.എ പരിശോധനക്കായി സാമ്ബിളുകള്‍ ഹൈദരാബാദിലേക്ക് അയച്ചിട്ടുണ്ട്. 11 പ്രതികളുടെയും വീടുകള്‍ സർക്കാർ ഭൂമിയിലായതിനാലാണ് തകർത്തതെന്നും എസ്.പി പറഞ്ഞു. പ്രതികളില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.