സ്പീക്കര്‍ പദവിയിലേക്ക് ടിഡിപിയെ ഇന്ത്യാസഖ്യം പിന്തുണയ്ക്കും
ഈമാസം നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പില്‍ എൻഡിഎ ഘടകക്ഷിയായ ടിഡിപി സ്ഥാനാർഥിയെ നിർത്തിയാല്‍ ഇന്ത്യാസഖ്യം പിന്തുണയ്ക്കുമെന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത്.
സ്പീക്കർ പദവിയില്‍നിന്ന് ബിജെപിയെ അകറ്റിനിർത്തുകയും എൻഡിഎയില്‍ അസ്വാരസ്യം സൃഷ്ടിക്കുകയുമാണു പ്രതിപക്ഷത്തിന്റെ ലക്ഷ്യം.
സ്പീക്കർ വിഷയത്തില്‍ എൻഡിഎയിലെ പ്രധാന ഘടകകക്ഷികളായ ടിഡിപിക്കും ജെഡിയുവിനും വ്യത്യസ്ത നിലപാടുകളാണ്. ബിജെപി നിർദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്നാണു ജെഡിയു നേതാവ് കെ.സി.ത്യാഗി പറഞ്ഞത്. എന്നാല്‍, സ്ഥാനാർഥിയെ എൻഡിഎ ഘടകകക്ഷികള്‍ ഒരുമിച്ചു തീരുമാനിക്കണമെന്നാണു ടിഡിപിയുടെ പക്ഷം. ബിജെപിയുടെ ഏകപക്ഷീയ തീരുമാനത്തെ അതേപടി പിന്തുണയ്ക്കില്ലെന്നു ചുരുക്കം.
ടിഡിപിയുടെ ഈ നിലപാടിനെ ബിജെപിക്കെതിരെ ഉപയോഗിക്കാനാണു പ്രതിപക്ഷം ലക്ഷ്യമിടുന്നത്. സ്പീക്കർ പദവി ബിജെപിക്കു ലഭിച്ചാല്‍ സർക്കാരിനെ പിന്തുണയ്ക്കുന്ന ടിഡിപി, ജെഡിയു, എല്‍ജെപി, ആർഎല്‍ഡി എന്നീ പാർട്ടികളെ പിളർത്താനിടയുണ്ടെന്നു സഞ്ജയ് റൗത്ത് പറഞ്ഞു.