കേന്ദ്ര ബജറ്റ് അവതരണം ജൂലൈയില്‍; പെട്രോള്‍ – ഡീസല്‍ വില കുറയുന്ന കാര്യത്തില്‍ ഉടൻ തീരുമാനം
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ഇന്ധന വിലയില്‍ വന്‍ വര്‍ധന വരുത്തിയ കര്‍ണാടക സർക്കാരിന്റെ നീക്കത്തെ പലരും വിമർശിച്ചിരുന്നു.
എന്നാല്‍ വരും മാസത്തില്‍ പെട്രോള്‍ – ഡീസല്‍ വിലകളുടെ കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. കാരണം, ജൂലൈയില്‍ ആണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. പെട്രോളിയം ഉല്പന്നങ്ങളെ ചരക്കു സേവന നികുതി പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആണ് നിലവില്‍ ചർച്ചാവിഷയം. ജൂണ്‍ 23 ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഇക്കാര്യം പരിഗണിക്കാനിടയുണ്ട്. കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ സംസ്ഥാന ധനമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
മോദി സർക്കാർ വീണ്ടും അധികാരത്തില്‍ വന്നാല്‍ പെട്രോള്‍ – ഡീസല്‍ വിലകള്‍ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും ഇക്കാര്യത്തില്‍ അനുകൂല അഭിപ്രായമാണ് ഉള്ളത്. രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ പെട്രോളിയം ഉല്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായം നേരത്തെതന്നെ ഉണ്ട്.