ഇറ്റാലിയൻ തീരത്ത് രണ്ട് ബോട്ട് അപകടങ്ങളില്‍ 11 മരണം; 64 പേരെ കാണാതായി
ഇറ്റാലിയൻ തീരത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളിലായി 11 മരണം. 64 പേരെ കാണാതായി. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആദ്യത്തെ അപകടം.
ലിബിയയില്‍നിന്ന് കുടിയേറ്റക്കാരുമായി പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. സിറിയ, ഈജിപ്റ്റ്, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ബോട്ടിലുണ്ടായിരുന്നതെന്ന് യു.എൻ.എച്ച്.സി.ആർ. അറിയിച്ചു.
ജർമ്മൻ ചാരിറ്റിയായ റെസ്ക്യുഷിപ്പ് നടത്തുന്ന കപ്പലായ നാദിറില്‍ നിന്നുള്ള രക്ഷാപ്രവർത്തകർ തിങ്കളാഴ്ച സെൻട്രല്‍ മെഡിറ്ററേനിയനിലെ തടി ബോട്ടിൻ്റെ താഴത്തെ ഡെക്കില്‍ പത്ത് മൃതദേഹങ്ങള്‍ കണ്ടെത്തി. ടുണീഷ്യയില്‍ നിന്ന് പുറപ്പെട്ടതായി കരുതപ്പെടുന്ന മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍ ഉണ്ടായിരുന്ന 51 പേരെ രക്ഷിച്ചതായി ചാരിറ്റി അറിയിച്ചു. രക്ഷപ്പെട്ടവരെ ഇറ്റാലിയൻ കോസ്റ്റ്ഗാർഡിന് കൈമാറുകയും തിങ്കളാഴ്ച രാവിലെ കരയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
അതേദിവസം നടന്ന മറ്റൊരു അപകടത്തില്‍ 26 കുട്ടികളടക്കം 64 പേരെ കാണാതായിട്ടുണ്ട്. തെക്കൻ ഇറ്റലിയിലെ കാലാബ്രിയൻ തീരത്തുനിന്ന് 100 മൈല്‍ അകലെയായിരുന്നു ഈ അപകടം. തുർക്കിയില്‍നിന്ന് പുറപ്പെട്ട കപ്പലാണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ടെന്നും കൂടുതല്‍ റെസ്ക്യു ടീമിനെ എത്തിച്ചിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.