തെരഞ്ഞെടുപ്പ് തോല്‍വി; സ്വന്തം മന്ത്രിമാരുടെ പിടിപ്പുകേട് തുറന്ന് കാട്ടി സിപിഐ ജില്ലാ കൗണ്‍സില്‍
കൊച്ചി: തെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നംപാടിയതിന് പിന്നാലെ സിപിഐ ജില്ലാ കൗണ്‍സിലിലും രൂക്ഷ വിമർശനം ഉയരുകയാണ്.
സ്വന്തം മന്ത്രിമാരുടെ പിടിപ്പുകേട് തുറന്ന് കാട്ടിയാണ് എറണാകുളം ജില്ലാ കൗണ്‍സില്‍, എക്സിക്യൂട്ടീവ് യോഗങ്ങള്‍ അവസാനിച്ചത്.
ജനങ്ങളുമായി അടുത്ത് പ്രവർത്തിക്കേണ്ട, ജനങ്ങള്‍ക്കായി പ്രവർത്തിക്കേണ്ട പ്രധാനപ്പെട്ട വകുപ്പുകളായ ഭക്ഷ്യ വകുപ്പിലും റവന്യൂ വകുപ്പുകളിലെ സിപിഐ മന്ത്രിമാർക്കെതിരെയാണ് വിമർശന ശരങ്ങള്‍ ഉയരുന്നത്. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിലിനെയും റവന്യൂ മന്ത്രി കെ. രാജനെയും യോഗങ്ങളില്‍ അംഗങ്ങള്‍ ശക്തമായി വിമർശിച്ചു. cpi
ഭരണം കൊണ്ടോ പാർട്ടി കൊണ്ടോ ജനങ്ങള്‍ക്ക് യാതൊരുവിധ ഗുണവും ഉണ്ടായില്ലെന്നും കൗണ്‍സിലില്‍ വിമർശനം ഉയർന്നു. കാലിയായ സപ്ലൈകോ ജനങ്ങള്‍ക്കിടയില്‍ കല്ലുകടിയായി. ധനവകുപ്പിന്റെ കെടുകാര്യസ്ഥതയാണ് സിവില്‍ സപ്ലൈസിന് നാശത്തിന്റെ വക്കിലെത്തിച്ചതെങ്കിലും ഭക്ഷ്യ വകുപ്പിന്റെ വീഴ്ചയായി ജനങ്ങള്‍ കണ്ടു. ഓഫീസുകള്‍ കയറിയിറങ്ങിയ ജനങ്ങള്‍ എങ്ങനെ സർക്കാരിനെ പിന്തുണയ്ക്കുമെന്നും യോഗങ്ങളില്‍ ചോദ്യമുയർന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ പാർട്ടി സ്വീകിരച്ച മൗനവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ഇരകള്‍ക്കൊപ്പമായിരുന്നു നില്‍ക്കേണ്ടിയിരുന്നതെന്നും അംഗങ്ങള്‍ തുറന്നടിച്ചു. പെൻഷൻ പ്രതിസന്ധിയും വോട്ടർമാർ മാറ്റി കുത്തുന്നതിന് കാരണമായെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.