നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; പ്രതി ബിഹാര്‍ ഉപമുഖ്യമന്ത്രിക്കൊപ്പം നില്ക്കുന്നഫോട്ടോ പുറത്തു
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതി ബിഹാർ ഉപമുഖ്യമന്ത്രിക്കൊപ്പം നില്ക്കുന്ന ഫോട്ടോ പുറത്തുവിട്ട് ആർ.ജെ.ഡി.
കേസിലെ പ്രതികളിലൊരാളായ അമിത് ആനന്ദ് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കൊപ്പം നില്ക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്.
നേരത്തെ ആർ.ജെ.ഡി നേതാവ്തേജസ്വി യാദവുമായി ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതിക്ക് ബന്ധമുണ്ടെന്ന ആരോപണം ബിഹാർഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആർ.ജെ.ഡിയുടെ തിരിച്ചടി.
പ്രതികളും മന്ത്രിയും തമ്മിലുള്ള നിരവധി ചിത്രങ്ങളുണ്ടായിരുന്നുവെന്നും വിവാദമായതോടെ ഇതെല്ലാം മന്ത്രി ഡിലീറ്റ് ചെയ്തുവെന്നും ആർ.ജെ.ഡി എക്സിലെ പോസ്റ്റില്‍ ആരോപിച്ചു. പ്രതികളെ മന്ത്രി അഭിനന്ദിക്കുന്ന ചിത്രങ്ങള്‍ വരെയുണ്ട്. ഡിലീറ്റ് ചെയ്തതു കൊണ്ട് ഇത് നഷ്ടമായെന്ന ഭയം ആർക്കും വേണ്ട. എല്ലാം തങ്ങളുടെ കൈയില്‍ ഭദ്രമായി ഉണ്ടെന്നും അത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കൈമാറാൻ തയാറാണെന്നും ആർ.ജെ.ഡി വ്യക്തമാക്കി.