ഡല്‍ഹി വിമാനത്താവള ദുരന്തം: ബി.ജെ.പിയുടെ അടവ് ബൂമറാങ് പോലെ തിരിച്ചടിച്ചു; അന്നത്തെ മന്ത്രി ഇപ്പോള്‍ എൻ.ഡി.എക്കാരൻ
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ ഒന്നാം ടെർമിനലിന്റെ മേല്‍ക്കൂര തകർന്ന് ഒരാള്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവം പ്രതിപക്ഷത്തിന്റെ തലയിലിടാനുള്ള ബി.ജെ.പിയുടെയും വ്യോമയാന മന്ത്രി റാംമോഹൻ നായിഡുവിന്റെയും അടവ് ബൂമറാങ് പോലെ തിരിച്ചടിച്ചു.
വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ മഴയില്‍ ടെർമിനലിന്റെ വൻതൂണുകള്‍ നിർത്തിയിട്ട കാറുകള്‍ക്ക് മുകളില്‍ വീണാണ് അപകടമുണ്ടായത്. ഇക്കഴിഞ്ഞ മാർച്ച് 11ന് നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ച ടെർമിനലിന്റെ മേല്‍ക്കൂരയാണ് തകർന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പണിപൂർത്തിയാകാതെ ധിറുതിയില്‍ ഉദ്ഘാടനം ചെയ്തതാണ് അപകടകാരണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ആരോപിച്ചിരുന്നു.
എന്നാല്‍, ഒന്നാം യു.പി.എ സർക്കാറിന്റെ കാലത്ത് നിർമിച്ച മേല്‍ക്കൂരയാണ് ഇപ്പോള്‍ തകർന്നുവീണതെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇപ്പോഴത്തെ പ്രതിപക്ഷമാണ് അതിനുത്തരവാദിയെന്നുമാണ് സംഘ്പരിവാർ ഹാൻഡിലുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ‘ഇന്ദിരാഗാന്ധി ഇൻറർനാഷനല്‍ എയർപോർട്ടിന്റെ ടെർമിനല്‍-1ല്‍ തകർന്നുവീണ മേല്‍ക്കൂര 2008-09 കാലഘട്ടത്തില്‍ നിർമിച്ചതാണ്. ജി.എം.ആർ ഗ്രൂപ്പ് ഒരു സ്വകാര്യ കമ്ബനിക്ക് കരാർ നല്‍കിയിരുന്നുവെന്ന് വ്യോമയാന മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു’ -എന്നാണ് വിവിധ സംഘ്പരിവാർ അക്കൗണ്ടുകളിലെ പോസ്റ്റുകള്‍.
പ്രഫുല്‍ പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം
2008-09 കാലഘട്ടത്തില്‍ ഒന്നാം യു.പി.എ ഘടക കക്ഷിയായിരുന്ന എൻ.സി.പിയിലെ പ്രഫുല്‍ പട്ടേലായിരുന്നു വ്യോമയാന മന്ത്രി. എന്നാല്‍, ഇപ്പോള്‍ പ്രഫുല്‍ പട്ടേലും അദ്ദേഹത്തിന്റെ പാർട്ടിയയായ അജിത് പവാറിന്റെ എൻ.സി.പിയും ബി.ജെ.പി നേതൃത്വം നല്കുന്ന എൻ.ഡി.എയുടെ ഘടക കക്ഷിയാണ് എന്നതാണ് രസകരം. അതായത്, കോണ്‍ഗ്രസിനെ അടിക്കാൻ ബി.ജെ.പിക്കാർ ഉപയോഗിച്ച വടി അവർക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്.
അതിനിടെ, പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരിക്കെ നടന്ന എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനവുമായി ബന്ധപ്പെട്ട അഴിമതിക്കേസ് സി.ബി.ഐ അവസാനിപ്പിച്ചതും ഇപ്പോള്‍ ചർച്ചയാകുന്നുണ്ട്. ബി.ജെ.പി നേതൃത്വം നല്കുന്ന എന്‍.ഡി.എ സഖ്യത്തിനൊപ്പം പ്രഫുല്‍ പട്ടേല്‍ കൈകോര്‍ത്ത് എട്ടുമാസം പിന്നിട്ടപ്പോഴായിരുന്നു അദ്ദേഹത്തിന് സി.ബി.ഐ ക്ലീന്‍ചിറ്റ് നല്‍കിയത്. യാത്രക്കാര്‍ കുറഞ്ഞിരിക്കുകയും നഷ്ടം നേരിടുകയും ചെയ്യുന്ന സമയത്താണ് ആവശ്യമായ പൈലറ്റുമാര്‍ പോലും ഇല്ലാതിരിക്കെ 15 ആഡംബര വിമാനങ്ങള്‍ എയര്‍ ഇന്ത്യയ്ക്ക് നല്‍കിയത്. ഈ ഇടപാട് സ്വകാര്യ കമ്ബനികള്‍ക്ക് സാമ്ബത്തിക നേട്ടവും സര്‍ക്കാരിന് വലിയ നഷ്ടവുമുണ്ടാക്കി എന്നായിരുന്നു ആരോപണം. എന്നാല്‍, പ്രഫുല്‍ പട്ടേല്‍ ബി.ജെ.പിയുമായി കൈകോർത്തതോടെ, ഈ ഇടപാടില്‍ അപാകതകളുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്ന ക്ലോഷർ റിപ്പോർട്ട് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു. സുപ്രീം കോടതി ഉത്തരവ് പ്രകാരം 2017-ലാണ് കേസ് സി.ബി.ഐ. അന്വേഷിക്കാന്‍ ആരംഭിച്ചത്.
പ്രഫുല്‍ പട്ടേല്‍ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം
2023 ജൂലൈ രണ്ടിനാണ് എന്‍.സി.പിയെ പിളര്‍ത്തി അജിത് പവാർ വിഭാഗം എന്‍.ഡി.എ മുന്നണിയില്‍ ചേർന്നത്. പിന്നാലെ, അജിത് പവാറിനെതിരായ 25,000 കോടി രൂപയുടെ സഹകരണ ബാങ്ക് വായ്പ്പ തട്ടിപ്പ് കേസില്‍ തെളിവില്ല എന്നുപറഞ്ഞ് പൊലീസ് ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടർന്നാണ് പ്രഫുല്‍ പട്ടേലിനെതിരായ കേസ് സി.ബി.ഐയും അവസാനിപ്പിച്ചത്. അജിത് പവാറിനെതിരായ 70,000 കോടി രൂപയുടെ ഇറിഗേഷന്‍ അഴിമതി കേസ് 2019 ഡിസംബറില്‍ അഴിമതി വിരുദ്ധ വിഭാഗം അവസാനിപ്പിച്ചിരുന്നു.