നൈജീരിയയില്‍ ചാവേര്‍ ആക്രമണം; 18 മരണം, 42 പേര്‍ക്ക് പരിക്ക്
വടക്കുകിഴക്കൻ നൈജീരിയയില്‍ നടന്ന ചാവേർ ആക്രമണത്തില്‍ 18 പേർ കൊല്ലപ്പെടുകയും 19 പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി എമർജൻസി സർവീസ് അറിയിച്ചു.
ഗ്വോസ പട്ടണത്തില്‍ നടന്ന മൂന്ന് സ്ഫോടനങ്ങളില്‍ ഒന്ന് വിവാഹ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. ഒരു സ്ത്രീ ആക്രമണകാരി കുഞ്ഞിനെ പുറകില്‍ കെട്ടിയിട്ട് സ്ഫോടകവസ്തുക്കള്‍ പൊട്ടിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
കുട്ടികളും പുരുഷന്മാരും സ്ത്രീകളും ഗർഭിണികളും ഉള്‍പ്പെടുന്ന 18 മരണങ്ങള് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 42 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ 19 പേരെ തലസ്ഥാനമായ മൈദുഗുരിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ബോർണോ സ്റ്റേറ്റ് എമർജൻസി മാനേജ്മെൻ്റ് ഏജൻസി അറിയിച്ചു. സുരക്ഷാ പോസ്റ്റിന് നേരെയുണ്ടായ മറ്റൊരു ആക്രമണത്തില്‍ ഒരു സൈനികനടക്കം മൂന്ന് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ അധികൃതർ ഈ എണ്ണം സ്ഥിരീകരിച്ചിട്ടില്ല.