ജയിലില്‍ കഴിയുന്ന എൻജിനീയര്‍ റാഷിദിന്റെ സത്യപ്രതിജ്ഞ ജൂലൈ അഞ്ചിന്; എൻ.ഐ.എ അനുമതി നല്കി
ലോക്സഭ തെരഞ്ഞെടുപ്പില്‍ ജയിലില്‍ നിന്ന് മത്സരിച്ച് വിജയിച്ച സ്വതന്ത്ര എം.പി അബ്ദുല്‍ റാഷിദ് ശൈഖ് എന്ന എൻജിനീയർ റാഷിദ് ജൂലൈ അഞ്ചിന് ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. എൻജിനീയർ റാഷിദിന് ലോക്സഭയിലെത്തി സത്യപ്രതിജ്ഞ ചെയ്യാൻ എൻ.ഐ.എ അനുമതി നല്കി.
ഇതുസംബന്ധിച്ച ഉത്തരവ് ജൂലൈ രണ്ടിന് പട്യാല ഹൗസ് കോടതി ഉത്തരവ് പുറപ്പെടുവിക്കും. മാധ്യമങ്ങളുമായി സംസാരിക്കരുത് എന്നതടക്കമുള്ള നിബന്ധനകള്‍ക്ക് വിധേയമായാണ് സത്യപ്രതിജ്ഞ ചെയ്യാൻ എൻ.ഐ.എ അനുവദിച്ചത്. ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ ഇടക്കാല ജാമ്യമോ കസ്റ്റഡി പരോളോ വേണമെന്നാണ് എൻജിനീയർ റാഷിദ് ആവശ്യപ്പെട്ടിരുന്നത്.
ജമ്മു-കശ്മീരിലെ ബരാമുല്ലയില്‍ നാഷണല്‍ കോണ്‍ഫറസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ലയെ തോല്പിച്ചാണ് എൻജിനീയർ റാഷിദ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2019 മുതല്‍ തിഹാർ ജയിലില്‍ കഴിയുകയാണ് റാഷിദ്.
തീവ്രവാദി സംഘടനകളുടെ ധനസഹായവുമായി ബന്ധപ്പെട്ട് 2017ല്‍ രജിസ്റ്റർ ചെയ്ത കേസില്‍ അറസ്റ്റിലായ റാഷിദ് ജയിലില്‍ നിന്നാണ് പാർലമെന്റിലേക്ക് സ്വതന്ത്രനായി മത്സരിച്ചത്. 1.34 ലക്ഷം വോട്ടിന് വിജയിച്ച അദ്ദേഹം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടൻ തന്നെ സത്യപ്രതിജ്ഞ ചടങ്ങ് ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യത്തിന് ശ്രമിച്ചിരുന്നു.