കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് മര്‍ദ്ദനം; ജീപ്പ് ഡ്രൈവര്‍ കൈ തല്ലിയൊടിച്ചതായി പരാതി
ജീപ്പ് ഡ്രൈവർ കെഎസ്ആർടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചതായി പരാതി. ബസിലിരുന്ന യാത്രക്കാരെ ട്രിപ്പ് ജീപ്പിലേയ്ക്ക് ഇറക്കിവിടാത്തത് സംബന്ധിച്ച തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്. മൂന്നാർ ഡിപ്പോയിലെ കണ്ടക്ടർ മൂലമറ്റം സ്വദേശി ജോബിൻ തോമസിനാണ് (39) മർദ്ദനമേറ്റത്.
കഴിഞ്ഞ ഞായർ രാത്രി ഒൻപതരയോടെ പോസ്റ്റ് ഓഫീസ് കവലയിലാണ് സംഭവം നടന്നത്. മൂന്നാറില്‍ നിന്ന് തേനിക്ക് പോകുന്നതിനായി ബസില്‍ കയറിയതായിരുന്നു യാത്രക്കാർ. ഇവരെ ട്രിപ്പ് ജീപ്പില്‍ കൊണ്ടുപോകുന്നതിനായി ഇറക്കിവിടണമെന്ന് ഡ്രൈവർ ആവശ്യപ്പെട്ടു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും വിവരമുണ്ട്. യാത്രക്കാരെ ഇറക്കണമെന്നത് ജോബിൻ സമ്മതിച്ചില്ല. പിന്നാലെ ജീപ്പ് ഡ്രൈവർ ബസിനകത്ത് കയറി ആക്രമിക്കുകയായിരുന്നു. മർദ്ദനത്തില്‍ ജോബിന്റെ ഇടതുകൈ ഒടിഞ്ഞു.
അക്രമത്തിന് പിന്നാലെ ഡ്രൈവർ ജീപ്പുമായി ദേവികുളം ഭാഗത്തേയ്ക്ക് പോയി. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് ബസ് കണ്ടക്ടറെ ആശുപത്രിയിലെത്തിച്ചത്.