പുതിയ ഹമാസ് തലവനെ ഇല്ലാതാക്കുമെന്ന് പ്രതിജ്ഞയെടുത്ത് നെതന്യാഹു
ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനായ പുതിയ ഹമാസ് തലവൻ യഹിയ സിൻവറിനെ വധിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ഇസ്രായേല്‍.
കഴിഞ്ഞയാഴ്ച ടെഹ്റാനില്‍ വച്ച് ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യഹിയയെ ഹമാസിന്റെ പുതിയ തലവനായി തിരഞ്ഞെടുത്തത്. യഹിയ സ്ഥാനമേറ്റത് അയാളെ വധിക്കാനും, ഹമാസിനെ ഭൂമിയില്‍ നിന്ന് ഇല്ലാതാക്കുന്നതിനും വേണ്ടിയുള്ള ശക്തമായ കാരണമാണെന്നാണ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞത്.
യഹിയ സിൻവറിനെ തലവനായി തിരഞ്ഞെടുത്തത് യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, പ്രതിരോധം ശക്തമാക്കുന്നു എന്നതിന്റേയും തെളിവാണെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. എന്നാല്‍ തങ്ങള്‍ക്കെതിരായ ഏതൊരു ആക്രമണത്തേയും ശക്തമായി തന്നെ പ്രതിരോധിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. രാഷ്ട്രം സർവ്വസജ്ജമായിരിക്കുമെന്നും സൈനിക താവളത്തില്‍ നടത്തിയ പ്രസ്താവനയില്‍ നെതന്യാഹു പറഞ്ഞു.