ഡോക്ടറുടെ കൊലപാതകം: AIIMS-ലെ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു, ജോലിയില്‍ പ്രവേശിക്കും
കൊല്‍ക്കത്തയിലെ ആർ.ജി. കർ ആശുപത്രിയില്‍ യുവവനിതാഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തേത്തുടർന്ന് ഡല്‍ഹി എയിംസിലെ ഡോക്ടർമാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു.
സുപ്രീം കോടതിയില്‍നിന്ന് ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് 11 ദിവസം നീണ്ട സമരം അവസാനിപ്പിക്കുന്നതെന്ന് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ (ആർഡിഎ) പ്രസ്താവനയില്‍ അറിയിച്ചു. ഡോക്ടർമാരോട് സമരം അവസാനിപ്പിക്കാൻ സുപ്രീം കോടതി കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു.
ആർ.ജി കർ ആശുപത്രിയിലെ സംഭവത്തെ തുടർന്ന് ഡോക്ടർമാരുടെ സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ ഇടപെടുമെന്ന് സുപ്രീം കോടതി ഉറപ്പുതന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കുകയാണെന്ന് ആർഡിഎ പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിന്റെ താല്പര്യവും ജനങ്ങളുടെ ആവശ്യവും പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെന്നും പ്രസ്താവനയില്‍ പറയുന്നു.
വിഷയത്തില്‍ ഇടപെട്ട സുപ്രീം കോടതി സർക്കാരിന് ശക്തമായ താക്കീത് നല്‍കിയിരുന്നു. ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷയ്ക്ക് ദേശീയ മാർഗരേഖയുണ്ടാക്കാൻ പത്തംഗ ദൗത്യസേനയെ കോടതി നിയോഗിച്ചിരുന്നു. അന്വേഷണപുരോഗതി സി.ബി.ഐ.യും ആശുപത്രിയിലുണ്ടായ അതിക്രമങ്ങളേക്കുറിച്ച് സംസ്ഥാന സർക്കാരും വ്യാഴാഴ്ച റിപ്പോർട്ട് നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.