തോൽക്കാൻ തയ്യാറല്ല ഈ സിംഗിൾ ഫാദർ; ‘2 വയസുകാരിയുമായി ഫുഡ് ഡെലിവറി’
സ്വന്തം ഇഷ്ടങ്ങൾക്ക് ജീവിക്കാൻ വേണ്ടി ജന്മം നൽകിയ കുഞ്ഞുങ്ങളെ ആറ്റിലെറിഞ്ഞും കഴുത്ത് ഞെരിച്ചും കൊല്ലുന്ന കാലമാണ് ഇത്. ബാധ്യതയാണ് പല മാതാപിതാക്കൾക്കും ഇന്ന് മക്കൾ. ഇത്തരം നൊമ്പരപ്പെടുത്തുന്ന വാർത്തകൾക്കിടയിൽ, എന്തൊക്കെ പ്രതിസന്ധി വന്നാലും തന്റെ മകളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന ഒരച്ഛന്റെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
മകളുമായി ഫുഡ് ഡെലിവറി ചെയ്യുന്ന ഒരച്ഛൻ. വെറും അച്ഛനല്ല. ഒരു സിംഗിൾ ഫാദർ. ഓൺലൈൻ ഫുഡ് ഡെലിവറി പാർട്ണർമാരുടെ പല കഥകളും സമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇവിടെ ഈ അച്ഛന്റെ പാർട്ണർ സ്വന്തം മകളായ രണ്ട് വയസുകാരിയാണ്. അവരങ്ങനെ കളിയും ചിരിയും കഥകളൊക്കെയായി ആവിശ്യക്കാർക്കെല്ലാം ഫുഡുമായി എവിടെയുമെത്തും.
ഓർഡർ കൈപ്പറ്റാൻ എത്തിയ സൊമാറ്റോ ഡെലിവറി പാർട്നറെ പറ്റിയുള്ള സ്റ്റാർബക്സ് തൊഴിലാളിയുടെ ലിങ്ക്ഡിൻ പോസ്റ്റാണ് വൈറലായത്. ഒരു അച്ഛന്റെയും മകളുടെയും കഥ. ന്യൂഡൽഹിയിലെ ഖാൻ മാർക്കറ്റിലുള്ള സ്റ്റാർബക്സ് സ്റ്റോർ മാനേജരായ ദേവേന്ദ്ര മെഹ്റയാണ് ഈ അച്ഛന്റെയും മകളുടെയും കഥ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുന്നത്. സൊമാറ്റോയുടെ ഡെലിവറി പാർട്ണർ സോനു എന്ന ചെറുപ്പക്കാരൻ തൻ്റെ രണ്ടു വയസ്സു മാത്രം പ്രായമുള്ള കുട്ടിയുമായാണ് ഓർഡർ കൈപ്പറ്റാനെത്തിയത്.
ആ കുഞ്ഞുമായാണ് സോനു ഓൺലൈൻ ഫുഡ് ഡെലിവറികൾക്ക് പോകാറുള്ളത്. സോനു മകളുമായി നിൽക്കുന്ന ചിത്രം പങ്കു വെച്ചുകൊണ്ട് ദേവേന്ത്ര മെഹ്റ കുറിച്ചത് ഇങ്ങനെയാണ്, ‘സിംഗിൾ പാരൻ്റായ സോനു വീട്ടിലെ കഷ്ടപ്പാടുകൾ മറികടക്കാനായി കഠിനമായി അധ്വാനിക്കുകയാണ്. സോനുവിന്റെ പ്രതിബദ്ധതയും കുട്ടിയോടുള്ള കരുതലും പ്രചോദനം നൽകുന്നതാണ്.
ആ ചെറിയ കുട്ടിയുടെ മുഖത്ത് ചെറുപുഞ്ചിരി വരുത്താനായി ഞങ്ങൾ ബേബിച്ചീനോ നൽകി. കഷ്ടപ്പാടുകൾക്കിടയിലും ആർജവത്തോടെ മുന്നേറുന്ന മനുഷ്യന്റെ ഇച്ഛാശക്തിയാണ് സോനുവിലൂടെ പ്രകടമാകുന്നത് എന്നാണ് കുറിച്ചത്. സംഗതി വൈറലായതോടെ ഇതിനുതാഴെ കമൻ്റുമായി സൊമാറ്റോയുമെത്തി. സൊമാറ്റോ പറഞ്ഞത് ഇങ്ങനെ ആയിരുന്നു, നിങ്ങളുടെ അഭിനന്ദനങ്ങൾ ഞങ്ങൾ സോനുവിനെ അറിയിക്കുമെന്നും സോനുവിനെ പോലുള്ള തൊഴിലാളികൾ ജോലിയിൽ കാണിക്കുന്ന ആത്മാർഥത പ്രശംസനീയമാണെന്നും ആണെന്നുമാണ്.
രണ്ട് വർഷം മുൻപ് ഒരു അച്ഛൻ തന്റെ രണ്ട് മക്കളെയും കൊണ്ട് ഫുഡ് ഡെലിവറി നടത്തിയ വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. അന്ന് സൗരഭ് പഞ്ച്വാനി എന്ന ഫുഡ് വ്ലോഗറാണ് അച്ഛന്റെയും മക്കളുടെയും വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നത്. കുഞ്ഞുമകളെ ബേബി കാരിയറിൽ നെഞ്ചോട് ചേർത്ത്, മകനെയും ഒപ്പം കൂട്ടിയാണ് ഇയാൾ ഫുഡ് ഡെലിവറി ചെയ്യാനെത്തിയിരുന്നത്.
രണ്ട് കുഞ്ഞുങ്ങളെയും കൊണ്ടാണ് ഇയാൾ ഫുഡ് ഡെലിവറിക്കായി ഓരോ സ്ഥലത്തും എത്തുന്നത്. മകൻ ജോലിയിൽ സഹായിക്കുമെന്നായിരുന്നു ആ അച്ഛൻ പറഞ്ഞിരുന്നത്. അന്ന് ഈ വീഡിയോയ്ക്കൊപ്പം സൗരഭ് കുറിച്ചത്, ‘ഈ വീഡിയോ വളരെയധികം പ്രചോദനം നൽകുന്നതാണ്. ദിവസം മുഴുവൻ ഈ കുട്ടികളെയും കൊണ്ട് വെയിലും കൊണ്ടാണ് ഈ സൊമാറ്റോ ജീവനക്കാരൻ ജോലി ചെയ്യുന്നത്. ഒരാൾക്ക് ദൃഢനിശ്ചയമുണ്ടെങ്കിൽ എന്തും ചെയ്യാൻ കഴിയുമെന്ന് ഈ വീഡിയോയിൽ നിന്ന് നമുക്ക് മനസ്സിലാക്കാം എന്നായിരുന്നു.
ഇന്ന് ആ അച്ഛന്റെ അതേ പാത പിന്തുടർന്നാണ് സോനു മകളെയും നെഞ്ചോട് ചേർത്ത് ജോലിക്കായി ഇറങ്ങിയത്. വെയിലും മഴയും ഈ അച്ഛനെ തളർത്തില്ല. സമാധാനപരമായ ജീവിതത്തിന് മക്കൾ ബാധ്യത ആണെന്ന് പറയുന്നവർ ഉള്ള ഇവിടെ ഈ അച്ഛൻ മാതൃകയാണ്. തന്റെ ഏത് പ്രതിസന്ധി ഘട്ടത്തിലും ഈ അച്ഛന് മനസ്സറിഞ്ഞു ചിരിക്കാൻ ഈ മകൾ മുന്നിലുണ്ടായിരുന്നാൽ മതി.
തലയ്ക്കു മുകളിൽ കുന്നോളം ബാധ്യതയും ഭാരവുമായാണ് ഇയാൾ തന്റെ മകളെയും നെഞ്ചിലേറ്റി ജോലി ചെയുന്നത്. കാരണം ആ ഭാരത്തെക്കാളെല്ലാം അയാൾക്ക് വലുത് മകളുടെ സുരക്ഷാ തന്നെയാണ്. നമ്മൾ കണ്മുന്നിൽ കാണുന്ന ഓരോരുത്തരിലും ഓരോ കഥയുണ്ട്, ഒരു പോരാളിയുടെ, അല്ലെങ്കിൽ വലിയൊരു തോൽവിയുടെ. അത്തരത്തിൽ ഒരു പോരാളിയാണ് സോനു.