വാക്കുകള്‍ വളച്ചൊടിച്ചു ; ദീപിക പത്രത്തിനെതിരെ പി ജയരാജന്
കേരളത്തില്‍ ഐഎസ് റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന പ്രസ്താവനയിലെ വിവാദത്തില്‍ ദീപിക മുഖപ്രസംഗത്തിനെതിരെ പി ജയരാജന്.
പുസ്തകത്തിന്റെ വിശദ വായനക്ക് മുന്‍പാണ് ദീപിക അഭിപ്രായപ്രകടനം നടത്തിയതെന്ന് പി ജയരാജന് ഫേസ്ബുക്കില്‍ കുറിച്ചു. രാഷ്ട്രീയ ഇസ്ലാമിനെ സിപിഐഎം എല്ലാകാലത്തും അകറ്റിനിര്‍ത്തിയിട്ടുണ്ടെന്നും ന്യൂനപക്ഷ വര്‍ഗീയ നീക്കങ്ങളെ സിപിഐഎം എതിര്‍ത്തിട്ടുണ്ടെന്നും പി ജയരാജന് പറഞ്ഞു.
ലോകത്ത് ഇസ്ലാമിസ്റ്റുകള്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളെ ഞാനും കാണാതിരിക്കുന്നില്ല. പക്ഷെ ഇസ്ലാമിസ്റ്റുകളെ അമേരിക്ക പലപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട് എന്ന ചരിത്ര യാഥാര്‍ഥ്യം വിസ്മരിക്കാനും പാടില്ല. കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തെ കുറിച്ചും ഇസ്ലാമിസ്റ്റുകളെ കുറിച്ചും സജീവമായി ചര്‍ച്ച ചെയ്യുന്നത് ജനാധിപത്യത്തിന്റെ ഭാവിക്ക് അത്യാവശ്യമാണ് അത്തരം ചര്‍ച്ചകളില്‍ ദീപിക പത്രത്തിനും പങ്കു വഹിക്കാനാകും. അത്തരം ചര്‍ച്ചകള്‍ തുടരണം. പക്ഷെ 2019ന് ശേഷം കേരളത്തിലെ ക്രിസ്തീയ ജനവിഭാഗങ്ങളില്‍ അതേവരെ ഇല്ലാത്ത ഇതരമത വിരോധം പരത്തുന്ന ‘കാസ’ യുടെ വാദങ്ങള്‍ ഏറ്റുപിടിക്കാതിരിക്കാനും ശ്രമിക്കണം.
കേരളത്തില്‍ ഇപ്പോള്‍ ISISലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതായി എവിടെയും പറഞ്ഞിട്ടില്ല. മുമ്ബ് വിരലിലെണ്ണാവുന്നവരെ റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്നാണ് പറഞ്ഞത്. അതില്‍ ഇപ്പോഴും ഉറച്ചു നില്ക്കുന്നു. – പി ജയരാജന് പറഞ്ഞു.