‘കേരള രാഷ്ട്രീയത്തിലെ എടുക്കാത്ത നാണയമായി മാറും, അൻവറിനുളളത് നിഗൂഢ അജണ്ടകളും രഹസ്യങ്ങളും’
നിലമ്ബൂർ എംഎല്‍എ പിവി അൻവറിന് നിഗൂഢമായ ലക്ഷ്യങ്ങളും രഹസ്യ അജണ്ടകളുമുണ്ടെന്ന് വിമർശിച്ച് മലപ്പുറം സിപിഎം ജില്ലാ സെക്രട്ടറി ഇവി മോഹൻദാസ്.
പാർട്ടിയെ തകർക്കലാണ് അൻവറിന്റെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. അൻവർ നടത്തുന്ന വിവാദപരാമർശങ്ങളില്‍ പ്രതികരിക്കുകയായിരുന്നു മോഹൻദാസ്.
‘അൻവറിന്റെ പരാതി ജില്ലയിലെ പാർട്ടി നേതൃത്വം കേട്ടിട്ടുണ്ട്. അക്കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നാണ് അദ്ദേഹത്തോട് പറഞ്ഞത്. ആരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിലും അത് ഗൗരവമായി കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. വായില്‍ തോന്നിയത് പറയുന്നതിനെല്ലാം പ്രതികരിക്കാൻ കഴിയില്ലല്ലോ. അദ്ദേഹത്തിന്റെ സമനില തെറ്റി എന്തൊക്കെയോ പറയുകയാണ്. മദയാനയെപ്പോലെയാണ് അൻവർ ഇപ്പോള്‍. പാർട്ടി തകർക്കലാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അത് നടപ്പാകാൻ പോകുന്നില്ല. ഇതിനേക്കാള്‍ വലിയ ആളുകള്‍ പാർട്ടിയെ വെല്ലുവിളിച്ചിട്ടുണ്ട്.
അൻവർ ഒരു ഇടതുപക്ഷക്കാരനാണെന്ന് പറയാൻ സാധിക്കില്ല. സർക്കാരിനും പാർട്ടിക്കും എതിരായി പ്രവർത്തിക്കുന്ന ഒരു കോടാലിയായി അദ്ദേഹം മാറി. അൻവറിന് നിഗൂഢമായ ലക്ഷ്യങ്ങളും രഹസ്യ അജണ്ടകളുമുണ്ട്.അതിനായുളള സമ്മർദ്ദമാണ് ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്.
സിപിഎം ഇനിയും സ്വതന്ത്രന്മാരെ പരീക്ഷിക്കും. സ്വതന്ത്രന്മാരുടെ മഹത്വംകൊണ്ട് മാത്രമല്ല അവർ അവിടെ ജയിച്ചത്. അൻവറിന് കിട്ടിയ ബഹുഭൂരിപക്ഷം വോട്ടുകളും സഖാവ് കുഞ്ഞാലി കെട്ടിപ്പടുത്ത പാർട്ടിയുടെതാണ്. എതിരാളികളെ തോല്പിക്കാൻ പറ്റിയ സ്വതന്ത്രരുണ്ടെങ്കില് സിപിഎം ഇനിയും മത്സരിപ്പിക്കും. ആ പരീക്ഷണം പരാജയമായി സിപിഎം വിലയിരുത്തുന്നില്ല. സാമൂഹിക വിരുദ്ധരുടെയും മാഫിയകളുടെയും പ്രതിനിധിയാണ് അൻവർ. ഇനി ആയിരക്കണക്കിന് നാവുകള്‍ അദ്ദേഹത്തിനെതിരെ ഉയരും. കേരള രാഷ്ട്രീയത്തിലെ എടുക്കാത്ത നാണയമായി അൻവർ മാറും’- മോഹൻദാസ് പറഞ്ഞു.
അതേസമയം, തനിക്കെതിരെ ഉയർന്ന വിമർശനങ്ങള്‍ക്ക് പ്രതികരണവുമായി അൻവറും രംഗത്തെത്തിയിട്ടുണ്ട്. മോഹൻദാസ് ഒന്നാംതരം വർഗീയ വാദിയെന്നാണ് അൻവർ പ്രതികരിച്ചത്.