പൊട്ടിത്തെറിച്ച് രാഹുല്‍: ഹരിയാനയിലെ തോല്‍വിക്ക് കാരണം നേതാക്കള്‍
ഹരിയാന തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള അവലോകന യോഗത്തില്‍ രോഷാകുലനായി രാഹുല്‍ ഗാന്ധി. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വാർത്ഥരാണെന്നും അവർ പാർട്ടിക്ക് നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തിയതായാണ് വിവരം.
പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ ചേർന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. അജയ് മാക്കൻ, അശോക് ഗെഹ്ലോട്ട്, ദീപക് ബാബരിയ, കെസി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
യോഗത്തില്‍ നിശബ്ദനായിരുന്ന രാഹുല്‍ സംസാരിക്കാനുള്ള തന്റെ ഊഴമെത്തിയപ്പോള്‍ രണ്ട് ശക്തമായ ആശയങ്ങള്‍ ഉന്നയിച്ചുവെന്നാണ് റിപ്പോർട്ട്. ഒന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ (ഇവിഎം) ക്രമക്കേട് ഉണ്ടായെങ്കില്‍ അത് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നല്‍കണം എന്നായിരുന്നു. രണ്ടാമത്തെ കാര്യം പറഞ്ഞത് യോഗത്തില്‍ വലിയ നിശബ്ദത ഉണ്ടാക്കി. ‘ജയിക്കാവുന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്. പാർട്ടിയെക്കാള്‍ സ്വന്തം മുന്നേറ്റത്തിനാണ് പ്രാദേശിക നേതാക്കള്‍ക്ക് താല്‍പ്പര്യം’ എന്നതായിരുന്നു രണ്ടാമത്തെ കാര്യം എന്നാണ് വിവരം. പല നേതാക്കളും ഇതിന് മറുപടിയായി ഇവിഎമ്മുകളെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. തുടർന്ന്, നേതാക്കള്‍ പാർട്ടിയെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നുപറഞ്ഞ രാഹുല്‍ ഗാന്ധി യോഗത്തില്‍ നിന്നും എഴുന്നേറ്റ് പോയി എന്നും റിപ്പോർട്ടില്‍ പറയുന്നു.