ജമ്മു കശ്മീരിലെ കുപ്വാരയില് സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍
ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി അധികൃതർ.
തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചഎ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടക്കൻ കശ്മീർ ജില്ലയിലെ ലോലാബിലെ മാർഗി പ്രദേശത്ത് രാത്രി സുരക്ഷാ സേന തിരച്ചിലും ആരംഭിച്ചതായും തുടർന്ന് വെടിവെപ്പ് നടന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
തീവ്രവാദി ആക്രമണങ്ങളില്‍ പാകിസ്താന് പങ്കുണ്ടെന്ന ആരോപണം ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ആഭ്യന്തര ശ്രമമാണെന് ആരോപിച്ച അദ്ദേഹം വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യപ്പെടുകയുണ്ടായി.
കശ്മീരിലെ മൂന്ന് ജില്ലകളിലായി ശനിയാഴ്ച നടന്ന വെടിവെപ്പില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെടുകയും നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ അധികാരം ഏറ്റെടുത്തപ്പോള്‍ എന്തുകൊണ്ടാണ് ആക്രമണങ്ങള്‍ വർധിച്ചതെന്ന് ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറൻസ് മേധാവി ചോദിച്ചു. നാഷണല്‍ കോണ്‍ഫറൻസ് സർക്കാർ അധികാരത്തിലേറിയ രണ്ടാഴ്ചക്കാലം കശ്മീർ മേഖലയില്‍ തീവ്രവാദത്തിന്റെ നാടകീയമായ കുതിപ്പിന് സാക്ഷ്യം വഹിച്ചുവെന്നും പലരും ആക്രമണത്തിന്റെ ‘സമയത്തെ’ ചോദ്യം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.