മുക്കം ഉപജില്ല സ്കൂള്‍ കലോത്സവം; ആരോപണം, പട്ടിണി സമരം
കഴിഞ്ഞ ദിവസം സമാപിച്ച മുക്കം ഉപജില്ല സ്കൂള്‍ കലോത്സവത്തിലെ വിധി നിർണയവുമായി ബന്ധപ്പെട്ട് എ.ഇ. ഒക്കും വിധികർത്താക്കള്ക്കുമെതിരെ ഗുരുതര ആരോപണവുമായി നീലേശ്വരം ഹയർ സെക്കൻഡറി സ്കൂള്‍ പി.ടി.എ, എസ്.എം.സി ഭാരവാഹികള്‍.
ഹയർ സെക്കൻഡറി വിഭാഗത്തില്‍ തങ്ങള്‍ക്ക് അർഹതപ്പെട്ട ചാമ്ബ്യൻഷിപ് പട്ടം പങ്കിടാൻ തീരുമാനിച്ചത് വിധി നിർണയത്തിലെ തിരിമറി മൂലമാണന്നും ഇതുസംബന്ധിച്ച് എ.ഇ.ഒക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിെല്ലന്നും പി.ടി.എ പ്രസിഡന്റ് പി.സി. അബ്ദുല്‍ സലീം, എസ്.എം.സി ചെയർമാൻ എം.കെ. യാസർ, എം.പി.ടി.എ പ്രസിഡന്റ് വിജിലി ഉണ്ണികൃഷ്ണൻ, എ.എം. മുസ്തഫ എന്നിവർ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
നിലവാരമില്ലാത്ത പ്രകടനത്തിന് ഗ്രേഡ് നല്‍കിയത് അംഗീകരിക്കാനാവില്ല. സ്റ്റേജിതര മത്സരങ്ങളില്‍ പലതിനും അർഹിക്കുന്ന ഗ്രേഡ് നീലേശ്വരം സ്കൂളിന് നല്‍കിയിട്ടില്ല. സർക്കാർ വിദ്യാലയത്തിന് അർഹമായ നീതി നിഷേധിക്കുകയും ചെയ്തതായും ഭാരവാഹികള്‍ പറഞ്ഞു.
സമാപന വേദിയില്‍ ഹയർ സെക്കൻഡറി വിഭാഗം ഓവറോള്‍ ചാമ്ബ്യൻഷിപ്പിന്റെ പ്രഖ്യാപനമോ ട്രോഫി വിതരണമോ ഉണ്ടാവില്ലന്ന് ഉറപ്പ് ലഭിച്ചതിനാല്‍ അധ്യാപകർ ആരും സ്റ്റേജിന് സമീപം ഉണ്ടായിരുന്നില്ലന്നും അപ്രതീക്ഷിതമായി ഫലം പ്രഖ്യാപിച്ചപ്പോള്‍ കുട്ടികള്‍ വേദിയിലെത്തുകയും അധ്യാപകർ ഇല്ലാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും ഭാരവാഹികള്‍ അറിയിച്ചു.