ബോധപൂര്‍വമുണ്ടാക്കിയ കഥ; ഡി.സി. ബുക്സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇ.പി. ജയരാജൻ
ആത്മകഥ എഴുതിത്തീർന്നിട്ടില്ലെന്നും അത് പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിവാദങ്ങളില്‍ പ്രതികരിച്ച് ഇ.പി.
ജയരാജൻ. ഇന്ന് പുറത്തുവന്ന കഥകള്‍ ബോധപൂർവം ഉണ്ടാക്കിയതാണ്. അതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. എഴുതി തീരാത്ത പുസ്തകം തെരഞ്ഞെടുപ്പ് ദിനത്തില്‍ പുറത്തുവന്നതില്‍ പ്രസിദ്ധീകരണക്കാരുടെ കൈകളുണ്ടോ എന്നും സംശയിക്കുന്നു. പുസ്തകം പത്തരക്ക് പ്രസിദ്ധീകരിക്കുമെന്ന് വാർത്തകളിലൂടെയാണ് അറിഞ്ഞത്. മാതൃഭൂമി ബുക്സും ഡി.സി. ബുക്സും പുസ്തകം പ്രസിദ്ധീകരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. അവരോട് ആലോചിച്ചിട്ട് പറയാമെന്നാണ് മറുപടി പറഞ്ഞതെന്നും ഇ.പി. വ്യക്തമാക്കി.
സ്ഥാനാർഥികളെ കുറിച്ചുള്ള പരാമർശങ്ങള്‍ പോലും ബോധപൂർവം ഉണ്ടാക്കിയതാണ്. വ്യാജമായ കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച ആസൂത്രിതമായ നീക്കമാണിത്. പാർട്ടിയെയും തന്നെയും നശിപ്പിക്കാനുള്ള നീക്കമാണിത്. തന്നെ ഉപയോഗിച്ച് തെറ്റായ വാർത്ത ഉണ്ടാക്കുകയാണ്. അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.