ജയിക്കാന്‍ രാഷ്ട്രീയ വിദഗ്ധരെ വേണം; ബംഗാളില്‍ പരസ്യമിറക്കി സിപിഎം
പാര്‍ട്ടിക്കുള്ളിലെ ബുദ്ധികേന്ദ്രങ്ങളെക്കൊണ്ടുമാത്രം തെരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്ന തിരിച്ചറിവില്‍ എത്തിയിരിക്കുകയാണ് പശ്ചിമബംഗാള്‍ സിപിഎം ഘടകം. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ കരകയറ്റാന്‍ ഒരു പ്രൊഫഷണല്‍ രാഷ്ട്രീയവിദഗ്ധന്റെ സേവനം തേടുകയാണ് പാര്‍ട്ടി. ഇതിനായി പരസ്യവും നല്കി.
കഴിഞ്ഞ നിയമസഭാ, ലോക് സഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വന്‍ തിരിച്ചടി നേരിട്ടു. ബംഗാളില്‍ തുടര്‍ച്ചയായി തന്ത്രങ്ങള്‍ പാളുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയതന്ത്രജ്ഞന്റെ സേവനം പ്രയോജനപ്പെടുത്തമെന്ന് അഭിപ്രായമുയര്‍ന്നതും അതിനായി പരസ്യം പ്രത്യക്ഷപ്പെട്ടതും.
സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്റെ ഫെയ്സ്ബുക്ക് പേജിലാണ് പരസ്യം വന്നത്. രാഷ്ട്രീയ വിദഗ്ധനെക്കൂടാതെ രാഷ്ട്രീയം വിഷയമായി ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ താത്പര്യമുള്ളവര്‍, മാധ്യമമേഖലയില്‍ പ്രാവീണ്യമുള്ള കണ്ടന്റ് റൈറ്റേഴ്സ്, ഗ്രാഫിക് ഡിസൈനര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ് എന്നിവര്‍ക്കായും അപേക്ഷ ക്ഷണിച്ചു.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം നേരത്തേ തുടങ്ങാന്‍ ഒരു പ്രൊഫഷണല്‍ സംഘത്തെ സജ്ജമാക്കുകയെന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. പരസ്യത്തോട് അനുകൂലമായാണ് പ്രവര്‍ത്തകര്‍ പലരും പ്രതികരിച്ചത്.