വിറ്റാമിൻ സിയുടെ കലവറയായ ഓറഞ്ചിന്റെ ഗുണങ്ങൾ
ഓറഞ്ച് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ പലതാണ് .തണുപ്പുകാലം ഓറഞ്ചിന്റെ സീസൺ കൂടിയാണ്. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് ഓറഞ്ച്. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ആന്റിഓക്സിഡന്റുകളുടെയും കലവറയായ ഓറഞ്ചിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. പ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം ചർമം, തലമുടി ഇവയുടെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും കോശങ്ങളെ ക്ഷതങ്ങളിൽ നിന്നു തടയാനും ഓറഞ്ച് സഹായിക്കും.വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വൻകുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.
ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഓറഞ്ചിന് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു .
രോഗപ്രതിരോധ സംവിധാനത്തിന് വിറ്റാമിൻ സിയുടെ പങ്കു വലുതാണ് . ജലദോഷവും , ചെവിയിലെ അണുബാധ തടയുന്നതിനും ഓറഞ്ച് നല്ലതാണ്. ഓറഞ്ചിലെ ആൻറി ഓക്സിഡൻറുകൾ ചർമ്മ സംരക്ഷണത്തിനു ഏറെ പ്രാധാന്യം അർഹിക്കുന്നു.
ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്നതിനാൽ ശരീരത്തിന്റെ സാധാരണ പ്രവർത്തനത്തിന് സിട്രസ് അടങ്ങിയ പഴങ്ങൾ വളരെ അത്യാവശ്യമാണ്. വിളർച്ചയുള്ള രോഗികൾക്ക് സിട്രസ് ഫ്രൂട്സ് കഴിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്നത് അതുകൊണ്ടാണ് . വിറ്റാമിൻ ബി 6 നാൽ സമ്പുഷ്ടമായ ഓറഞ്ച് ഹീമോഗ്ലോബിൻ ഉൽപാദനത്തെ സഹായിക്കുകയും മഗ്നീഷ്യത്തിന്റെ സാന്നിധ്യം മൂലം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഓറഞ്ചിലെ ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഓറഞ്ചിലെ സ്വാഭാവിക ഫ്രൂട്ട് ഷുഗർ, ഫ്രക്ടോസ്, ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം ഉയരുന്നത് തടയാൻ സഹായിക്കും.
ഓറഞ്ചിൽ ഡി-ലിമോണീൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശ അർബുദം, ത്വക്ക് കാൻസർ, സ്തനാർബുദം എന്നിവ തടയുന്നു. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പ്രധാനമാണ്. അവ ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്നു.
ഓറഞ്ചിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ പ്രായവുമായി ബന്ധപ്പെട്ട മസ്കുലർ ഡീജനറേഷൻ തടയുന്നതിന് സഹായിക്കുന്നു . ഓറഞ്ചിൽ അലിയു ന്നതും അലിയാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലുകളും ആമാശയ പ്രവർത്തനവും സുഗമമായി നിലനിർത്താനും മലവിസർജ്ജനം തടയാനും സഹായിക്കുന്നു.
എന്നാൽ ഓറഞ്ച് ഏതു സമയത്തും കഴിക്കാൻ പാടില്ല എന്നാണ് ആയുർ വേദം പറയുന്നത്. ഭക്ഷണശേഷം ഓറഞ്ച് കഴിക്കാൻ പാടില്ല എന്നാണ് ആയുർവേദം നിഷ്കർഷിക്കുന്നു.. ഇത് നിരവധി പാർശ്വഫലങ്ങളുണ്ടാക്കും. എന്നുമാത്രമല്ല ആരോഗ്യത്തിനും ദോഷകരമാണ്.
ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണം എന്നാൽ അതാത് കാലത്ത് ലഭ്യമായതും ഫ്രഷ് ആയതുമായ പഴങ്ങൾ വേണം കഴിക്കാൻ. രണ്ടു നേരം പഴങ്ങൾ കഴിക്കുന്നത് ശരീരത്തിനാവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യാനും ശരീരത്തിൽ ജലാംശം നിലനിര്ത്താനും സഹായിക്കും.
ഓറഞ്ചിനൊപ്പം പാലുൽപന്നങ്ങൾ, പച്ചക്കറികൾ, ഇറച്ചി ഇവ കഴിക്കുന്നത് ശരീരത്തിനു ദോഷം ചെയ്യും. ഓറഞ്ചിന് പുളിപ്പും രൂക്ഷതയും ഉള്ളതിനാൽ ഭക്ഷണം കഴിച്ച ശേഷം പതിവായി ഓറഞ്ച് കഴിച്ചാൽ വയറുവേദന, സന്ധിവേദന, നീര്, വീക്കം, പേശിവേദന, ശ്വാസതടസ്സം തുടങ്ങിയ രോഗങ്ങളും അലർജിയും ഉണ്ടാകാം എന്നും ആയുർവേദത്തിൽ പറയുന്നു.
ഭക്ഷണങ്ങൾക്കിടയ്ക്ക് ലഘുഭക്ഷണമായും ഓറഞ്ച് കഴിക്കാവുന്നതാണ്. ഇത് വിശപ്പകറ്റാനും ശരീരത്തിനാവശ്യമായ വിറ്റമിനുകളും ധാതുക്കളും ലഭിക്കാനും സഹായിക്കും. ഒപ്പം അനാരോഗ്യ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിന്ന് തടയാനും അതുമൂലം ഉണ്ടാകുന്ന അമിത വണ്ണം കുറയ്ക്കാനുമാകും.