പണം വാങ്ങിയത് വാടക ഇനത്തിൽ അല്ല; കയ്യിൽ ചില്ലറ ഇല്ലെന്ന് പറഞ്ഞ് 1000 വിദ്യാർത്ഥികൾ വാങ്ങി – കാറുടമ
ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ 5 മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ വീണ്ടും പ്രതികരണവുമായി കാറുടമ ഷാമിൽ ഖാൻ. വാഹനം നൽകിയത് റെന്റിനല്ലെന്ന് ആവർത്തിക്കുകയാണ് ഷാമിൽ ഖാൻ.1000 രൂപ ക്യാഷ് ആയി നൽകിയത് ആണ് ഗൂഗിൾ പേ വഴി തിരിച്ചു വാങ്ങിയത്. അപകട ശേഷം ലൈസൻസ് അയച്ചു വാങ്ങിയത് തെളിവിനായാണെന്നും വാഹനം വാങ്ങുമ്പോൾ ലൈസൻസ് കാണിച്ചു തരികയായിരുന്നുവെന്നും ഷാമിൽ ഖാൻ പറഞ്ഞു.
തന്റെ കയ്യിൽ നിന്ന് വാഹനം വാങ്ങിയത് മുഹമ്മദ് ജബ്ബാർ ആണ്. പണം വാങ്ങിയത് വാടക ഇനത്തിൽ അല്ല. കയ്യിൽ ചില്ലറ ഇല്ലെന്ന് പറഞ്ഞ് 1000 രൂപ കുട്ടികൾ വാങ്ങുകയായിരുന്നു. ഈ പണം വാങ്ങിയത് നേരിട്ട് ആണ്. ഈ പണം പിന്നീട് യുപിഐ വഴിയാണ് വിദ്യാർത്ഥികൾ തിരികെ നൽകിയത്. വാഹനം പണ്ട് വാടകയ്ക്ക് നൽകിയിരുന്നുവെങ്കിലും ഇപ്പോൾ കൊടുക്കാറില്ല. ലൈസൻസ് ഉള്ള ആളിനാണ് വാഹനം കൊടുത്തത് എന്ന തെളിവ് സൂക്ഷിക്കാനാണ് ലൈസൻസ് വാങ്ങിയതെന്നും ഷാമിൽ ഖാൻ പറഞ്ഞു.
അപകടത്തിൽ മരിച്ച അബ്ദുൽ ജബ്ബാറിന്റെ ലൈസൻസാണ് കാറുടമ സഹോദരനിൽ നിന്ന് വാങ്ങിയത്. വിദ്യാർത്ഥികൾക്ക് ലൈസൻസുണ്ടോയെന്ന് പരിശോധിക്കാതെയാണ് ഷാമിൽ ഖാൻ വാഹനം നൽകിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. റെന്റ് എ ക്യാബിനുള്ള ലൈസൻസ് വാഹന ഉടമയ്ക്ക് ഇല്ല. വാഹന ഉടമയ്ക്കെതിരെ വേറെയും പരാതികളുണ്ടെന്ന് ആർടിഒ പറഞ്ഞു.