18 വർഷത്തെ സൗദി ജയിൽ വാസത്തിന് അറുതി; അബ്ദുല്‍ റഹീമിന്റെ കേസിൽ ഇന്ന് വിധി
സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ കേസിൽ കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഇന്ത്യൻ സമയം വൈകീട്ട് മൂന്നു മണിയ്ക്കാണ് റിയാദ് ക്രിമിനല്‍ കോടതി വിധി പ്രസ്താവിക്കുക. ഞായറാഴ്ച നടന്ന സിറ്റിങ്ങിനൊടുവില് വിധി പറയാനായി കോടതി മാറ്റിവെക്കുകയായിരുന്നു.
കഴിഞ്ഞ നവംബര്‍ 17ന് റഹീമിന്റെ മോചനമുണ്ടായേക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി കേസ് നീട്ടിവെക്കുകയായിരുന്നു. ഓണ്‍ലൈനായി നടന്ന സിറ്റിങ്ങില്‍ ജയിലില്‍നിന്ന് റഹീമും അദ്ദേഹത്തിന്റെ അഭിഭാഷകന് ഒസാമ അല്‍ അമ്പര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന് യൂസഫ് കാക്കാഞ്ചേരി, കുടുംബ പ്രതിനിധി സിദ്ധീഖ് തുവ്വൂര്‍ എന്നിവരും പങ്കെടുത്തിരുന്നു.
ദയാധനം സ്വീകരിച്ചതിന് ശേഷം മരിച്ച സൗദി ബാലന്റെ കുടുംബം മാപ്പ് നല്കാന് തയ്യാറാണെന്ന് റിയാദ് കോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. ഏറെക്കാലത്തെ അപേക്ഷയ്ക്കു ശേഷമാണ് 15 മില്യൺ റിയാൽ ബ്ലഡ് മണിയായി നൽകിയാൽ അബ്ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്. റഹിം നിയമ സഹായസമിതിയുടെ നേതൃത്വത്തിൽ ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് സൗദി കുടുംബം ആവശ്യപ്പെട്ട ദയാധനം സ്വരൂപിച്ചത്.