അധിക സർവീസുമായി കെഎസ്ആർടിസി; അന്തർ സംസ്ഥാനസർവീസിന് 38 ബസുകൾ കൂടി
ക്രിസ്മസ്, പുതുവത്സര തിരക്ക് കണക്കിലെടുത്ത് അധികമായി അന്തർസംസ്ഥാന സർവീസ് നടത്താൻ കെഎസ്ആർടിസി ഒരുങ്ങുന്നു. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള 48 സ്ഥിരം സർവീസുകൾക്ക് പുറമേയാണ് അധിക സർവീസുകൾ ഏർപ്പെടുത്തുന്നത്. ഇതിനായി 38 ബസ് അനുവദിച്ചു. 34 ബസ് ബംഗളൂരുവിലേക്കും നാല് ബസ് ചെന്നൈയിലേക്കും സർവീസ് നടത്തും.
ശബരിമല സ്പെഷൽ അന്തർസംസ്ഥാന സർവീസുകൾക്ക് പുറമെയാണ് പുതിയ ബസുകൾ. കെഎസ്ആർടിസി വെബ്സൈറ്റ് വഴിയും ആപ് മുഖേനയും ടിക്കറ്റുകൾ റിസർവ് ചെയ്യാം. കേരളത്തിനുള്ളിൽ യാത്രാ തിരക്ക് കുറയ്ക്കാൻ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ റൂട്ടിലും അധിക സർവിസുകൾ സജ്ജമാക്കാൻ മന്ത്രി ഗണേഷ് കുമാർ നിർദേശം നൽകി. ഇതിനായി 24 ബസുകൂടി അധികമായി ക്രമീകരിച്ചു.