കാക്കനാട്ടെ ഭക്ഷ്യവിഷബാധ; എൻസിസി ക്യാംപ് പിരിച്ചുവിട്ടു
ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് കാക്കനാട് എൻസിസി ക്യാംപ് പിരിച്ചുവിട്ടു. അർധരാത്രി വരെ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ക്യാംപ് പിരിച്ചുവിട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 70 ഓളം വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ ഡിഎംഒ അന്വേഷണത്തിന് ഉത്തരവിട്ടു. സീനിയർ വിദ്യാർഥികൾ അടിച്ചെന്നും ഹൈസ്കൂൾ വിദ്യാർഥികൾ പരാതിപ്പെട്ടു. എന്നാൽ ക്യാംപിനോട് താത്പര്യകുറവുള്ള കുട്ടികൾ അനാവശ്യമായി ഉണ്ടാക്കിയ പ്രശ്നമെന്നാണ് മറുഭാഗത്തിന്റെ ആരോപണം. നഗരസഭയിലെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
കാക്കനാട് കെഎംഎം കോളജിലെ എൻസിസി ക്യാമ്പിൽ പങ്കെടുത്ത സ്കൂൾ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. എൻസിസി 21 കേരള ബറ്റാലിയൻ ക്യാംപിൽ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് കൂടുതൽ പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ കളമശേരി മെഡിക്കൽ കോളജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.