യുഎസിൽ ഇനി ആണും പെണ്ണും മാത്രം ; ട്രാൻസ്ജെൻഡർ വിഭാഗം ഇല്ലാതാവുമോ?
യുഎസില്‍ ഇനി ആണും പെണ്ണും എന്ന രണ്ട് ജെൻഡറുകള്‍ മാത്രമെ ഉണ്ടാവുകയുള്ളുവെന്നും ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ പാർട്ടികള്‍ ട്രാൻസ്ജെൻഡർ രാഷ്ട്രീയത്തില്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ ട്രംപിന്റെ നിലപാട് യുഎസ് രാഷ്ട്രീയത്തില്‍ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. പ്രസംഗത്തില്‍ ട്രംപ് തന്റെ വരാനിക്കുന്ന പദ്ധതികളെ കുറിച്ചും വ്യക്തമാക്കിയിരുന്നു.
രണ്ടു ജെൻഡർ മാത്രമെന്നത് അമേരിക്കൻ ഗവണ്മെന്റിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നും ട്രാൻസ്ജെൻഡറുകളെ സൈന്യം, സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പുറത്താക്കാനുള്ള ഉത്തരവുകളില്‍ ഉടൻ ഒപ്പിടുമെന്നും ട്രംപ് പറഞ്ഞു.
ട്രാൻസ്ജെൻഡർമാരെ യുഎസ് സൈന്യത്തിൽനിന്നു പുറത്താക്കുന്നതിനുള്ള സുപ്രധാന ഉത്തരവിൽ ഒപ്പുവയ്ക്കാൻ ഡോണൾഡ് ട്രംപ് തയാറെടുക്കുകയാണെന്ന് റിപ്പോർട്ട്.ഉത്തരവ് നിലവിൽ വന്നാൽ പ്രായം, സേവനകാലയളവ്, ആരോഗ്യം എന്നിവ നോക്കാതെ ട്രാൻസ്ജെൻഡർ വ്യക്തികൾ സൈന്യത്തിൽനിന്നു പുറത്താക്കപ്പെടും. 15,000 പേരെ ഇതുബാധിക്കുമെന്നാണ് കണക്കുകൂട്ടൽ.സൈന്യത്തിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാൻ സാധിക്കാത്ത സാഹര്യത്തിലാണ് സേവന സന്നദ്ധരായി വന്നവരെ പുറത്താക്കാൻ ശ്രമിക്കുന്നതെന്ന് വിമർശനമുയർന്നിട്ടുണ്ട്. രാജ്യത്തെ സേവിക്കുന്നതിന് ജെൻഡർ നോക്കേണ്ട കാര്യമുണ്ടോയെന്നും വിമർശകർ ചോദിക്കുന്നു.
ഫിനിക്സില്‍ നടന്ന ചടങ്ങില്‍ യുവാക്കളെ അഭിസംബോധന ചെയത് സംസാരിക്കുമ്പോളാണ് ട്രംപ് ഇക്കയറാം വ്യക്തമാക്കിയത്. കൂടാതെ സ്ത്രീകളുടെ കായിക ഇനങ്ങളില്‍ നിന്ന് പുരുഷന്മാരെ പുറത്താക്കും. അതു പോലെ കുട്ടികളുടെ ചേലാകർമ്മം അവസാനിപ്പിക്കാനുള്ള ഉത്തരവിലും ഒപ്പിടുമെന്ന് ട്രംപ് വ്യക്തമാക്കി.സൈന്യത്തിനു പുറമേ വിദ്യാഭ്യാസം, സ്പോർട്സ്, ആരോഗ്യം തുടങ്ങി മറ്റു മേഖലകളിലും ട്രാൻസ്ജെൻഡർമാർക്ക് നിയന്ത്രണമേർപ്പെടുത്തുമെന്നാണ് വിവരം.
കുടിയേറ്റ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുമെന്നും മയക്കുമരുന്ന് സംഘങ്ങളെ വിദേശ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുമെന്നും പനാമ കനാലിലെ യുഎസ് നിയന്ത്രണം പുനഃസ്ഥാപിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതിനൊപ്പം യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുമെന്നും മിഡില്‍ ഈസ്റ്റിലെ അരാജകത്വം അവസാനിപ്പിക്കുമെന്നും മൂന്നാം ലോക മഹായുദ്ധം തടയുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ മണ്ണില്‍ പ്രവർത്തിക്കുന്ന ക്രിമിനല്‍ ശൃംഖലയെ തകർക്കുകയും അതിലുള്‍പ്പെട്ടവരെ നാടുകടത്തുകയും നശിപ്പിക്കുകയും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.
വൈറ്റ് ഹൗസിൽ എത്തി ആദ്യ ദിനം തന്നെ ഈ ഉത്തരവിൽ ഡൊണാൾഡ് ട്രംപ് ഒപ്പു വയ്ക്കുമെന്ന് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോർട്ട്. ജനുവരി 20നാണ് റൊണാൾഡ് ട്രംപ് അധികാരത്തിലേറുന്നത്.