കരിപ്പൂർ വിമാനത്താവളത്തിൽ കോടികളുടെ സ്വർണവേട്ട: ദമ്പതികൾ അറസ്റ്റിൽ; പിടികൂടിയത് 6 കിലോ സ്വർണം
കരിപ്പൂർ വിമാനത്താവളത്തിൽ കോടികളുടെ സ്വർണവേട്ട. ആറു കിലോയിലധികം സ്വർണമിശ്രിതം ശരീരത്തിൻ്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ദമ്പതികളെ അറസ്റ്റ് ചെയ്തു.
പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദു സമദ്, ഭാര്യ സഫ്ന അബ്ദുൽ സമദ് എന്നിവരെ ആണ് എയർപോർട്ട് ഇൻറലിജൻസ് പിടികൂടിയത്. പാക്കറ്റുകളിലാക്കിയ സ്വർണമിശ്രിതമാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഇവരുടെ ശരീരത്തിലെ രഹസ്യ ഭാഗങ്ങളിലും വസ്ത്രത്തിനുള്ളിലും സോക്സുകൾക്കുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമിശ്രിതം. ദുബായിൽ നിന്ന് ആണ് ഇരുവരും എത്തിയത്.
സമദ് 3672 ഗ്രാം സ്വർണമിശ്രിതവും സഫ്ന 3642 ഗ്രാം സ്വർണ മിശ്രിതവും ആണ് ശരീരത്തിൽ ഒളിപ്പിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയതിൽ ഏറ്റവും ഉയർന്ന അളവിലുള്ള സ്വർണം ആണിത്. മിശ്രിത രൂപത്തിൽ ഉള്ള സ്വർണം വേർ തിരിച്ചെടുത്തപ്പോൾ 6.24 കിലോഗ്രാം സ്വർണം ആണ് ലഭിച്ചത്. ഇത്രയും സ്വർണത്തിന് വിപണിയിൽ 32,791,200 രൂപ വിലമതിപ്പുണ്ട്.
ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
Content Highlight: Gold Smuggling- Couple busted in Karipur Airport