പിസി ജോർജിന് ജാമ്യം; തൻ്റെ അറസ്റ്റ് മുസ്ലീം തീവ്രവാദികൾക്കുള്ള പിണറായി വിജയൻ്റെ റംസാൻ സമ്മാനമെന്ന് ജോർജ്
വിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചു. വഞ്ചിയൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജോർജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും വിവാദപരാമര്‍ശം നടത്തരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തിയ തിരുവനന്തപുരം ഫോർട്ട് പൊലീസ് പിസി ജോർജ്ജിനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരം എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന് വാദിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
തൻ്റെ അറസ്റ്റ് മുസ്ലീം തീവ്രവാദികൾക്കുള്ള പിണറായിയുടെ റംസാൻ സമ്മാനമാണെന്ന് പിസി ജോർജ് പ്രതികരിച്ചു. ജാമ്യം ലഭിച്ച ശേഷം പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിസി ജോർജ്. താന്‍ കഴിഞ്ഞദിവസം ഹിന്ദുമഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ മുസ്ലീം തീവ്രവാദികളുടെ വോട്ട് വെണ്ടെന്ന് പറഞ്ഞത് എങ്ങനെ കുറ്റമാകും എന്ന് പി.സി.ജോര്‍ജ് ചോദിച്ചു.
തന്റെ അറസ്റ്റിനു പിന്നില്‍ വലിയ രാഷ്ടീയമുണ്ടെന്നും പിസി ജോർജ് ആരോപിച്ചു. ഇടതുപക്ഷവും കോൺഗ്രസും ഒരുഭാഗത്ത് അണിനിരന്ന് തന്നെ ലക്ഷ്യം വെയ്ക്കുകയാണെന്നാണ് ജോർജിൻ്റെ ആരോപണം.
വെള്ളിയാഴ്ച അനന്തപുരി ഹിന്ദുമഹാ സമ്മേളത്തിലെ വിദ്വേഷ പ്രസംഗത്തിലാണ് മുൻ എംഎൽഎ പി സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരേന്ത്യൻ മാതൃകയിലുള്ള തീവ്ര ഹിന്ദുത്വവും മുസ്ലീം വിരുദ്ധതയും കലർത്തിയുള്ള ജോർജിൻ്റെ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ജോർജിന്റെ പ്രസംഗത്തിലെ പരമാർശങ്ങൾക്കെതിരെ യൂത്ത് ലീഗും ഡിവൈഎഫ്ഐയും പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാത്രി ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായിരുന്നു അതിരാവിലെയുള്ള അപ്രതീക്ഷിത പൊലീസ് നീക്കം. മുൻകൂർ ജാമ്യത്തിനുള്ള അവസരം നൽകാതെ അതിവേഗം അറസ്റ്റിലേക്ക് നീങ്ങാൻ സർക്കാരില്‍ നിന്നും പൊലീസിന് നിർദ്ദേശമുണ്ടായിരുന്നു.
കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ച ജോര്‍ജിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ (ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുക), 295 എ (മതനിന്ദ) എന്നീ വകുപ്പുകളാണ് ചുമത്തിയത്.
Content Highlight: PC George gets bail