”തൻ്റെ നിരപരാധിത്വം തെളിയുന്നതുവരെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നിന്നും മാറിനിൽക്കാം“: വിജയ് ബാബുവിൻ്റെ കത്ത് അംഗീകരിച്ച് താരസംഘടന
തൻ്റെ നിരപരാധിത്വം തെളിയുന്നതുവരെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നിന്നും മാറിനിൽക്കാമെന്ന വിജയ് ബാബുവിൻ്റെ നിലപാട് അംഗീകരിച്ച് മലയാളം അഭിനേതാക്കളുടെ സംഘടനയായ അമ്മ. ബലാത്സംഗക്കേസിൽ കുറ്റാരോപിതനായ നടൻ വിജയ് ബാബു കത്തിലൂടെയാണ് തൻ്റെ നിലപാട് സംഘടനയെ അറിയിച്ചത്. ഇന്ന് കൊച്ചിയിൽ സംഘടനയുടെ ആസ്ഥാനത്ത് ചേർന്ന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ഈ തീരുമാനം ഏകകണ്ഠമായി അംഗീകരിച്ചു.
തന്റെ പേരിൽ ഉയർന്നു വന്ന ആരോപണങ്ങളുടെ പേരിൽ താൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് ഒരു അവമതിപ്പ് ഉണ്ടാക്കാൻ ആഗ്രഹിക്കാത്തതിനാൽ തന്റെ നിരപരാധിത്വം തെളിയുന്നതുവരെ “അമ്മ”യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും തൽക്കാലം മാറി നിൽക്കുന്നതായി ശ്രീ വിജയ് ബാബു സമർപ്പിച്ച കത്ത് കമ്മിറ്റി ചർച്ചചെയ്യുകയും അംഗീകരിക്കുകയും ചെയ്തതായി സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പ് പറയുന്നു.
ഈ മാസം 27 ന് അമ്മയുടെ ഇന്റേണൽ കംപ്ലെയിന്റ് സ് കമ്മിറ്റി യോഗം ചേർന്ന് വിജയ് ബാബുവിനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് കത്ത് നൽകിയിരുന്നു. തുടർന്ന് അമ്മ വിജയ് ബാബുവിനോട് വിശദീകരണം തേടി. നിയമോപദേശത്തിന് ശേഷമാണ് വിശദീകരണം തേടിയത്.
അതേസമയം, വിജയ് ബാബുവിനെ വിദേശത്ത് നിന്നും നാട്ടിലെത്തിക്കാൻ ശക്തമായ നടപടികളുമായി പോലീസ് മുന്നോട്ടുനീങ്ങുകയാണ്. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണെങ്കിലും അറസ്റ്റിന് തടസ്സം ഇല്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നാഗ രാജു പറഞ്ഞു. ആവശ്യമെങ്കിൽ അന്വേഷണ സംഘം ദുബായിലേക്ക്പോകും.
Content Highlight: Vijay Babu quits AMMA Executive committee