ഇന്ത്യയ്ക്ക് തിരിച്ചടി; ബുംറ ചാംപ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ കളിച്ചേക്കില്ല
ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ ഇന്ത്യൻ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരം ബുംറയ്ക്ക് നഷ്ടമായേക്കും. ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ബുംറയുടെ അഭാവം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. പുറംവേദനയെത്തുടര്‍ന്ന് ബുംറ നിലവില്‍ ബംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണുള്ളത്.
ഓസ്ട്രേലിയയിൽ വെച്ച് ബോര്‍ഡര്‍- ഗാവസ്കര്‍ ട്രോഫി ടൂര്‍ണമെന്റിനിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. ബുംറയുടെ പുറം ഭാഗത്ത് വീക്കം ഉണ്ടെന്നും അടുത്ത മാസം ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്ക് അദ്ദേഹം ഫിറ്റ് ആകാന്‍ സാധ്യതയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ബുംറയുടെ പരിക്ക് ബിസിസിഐ അതീവ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്. ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ വിദഗ്ധ പരിശോധനയ്ക്ക് ശേഷമാകും തീരുമാനമെടുക്കുക.