നടന്നു പോയി സമാധിയായെന്ന് മകൻ, മൊഴികളിൽ വൈരുധ്യം, കല്ലറ തുറക്കാൻ കലക്ടറുടെ തീരുമാനം ഇന്ന്
നെയ്യാറ്റിന്‍കരയിൽ ‘സമാധി’ കേസിൽ ദുരൂഹതയേറുന്നു. മരിച്ച ഗോപൻ സ്വാമി അതീവ ഗുരുതരാവസ്ഥയിൽ കിടപ്പിലായിരുന്നുവെന്ന് അടുത്ത ബന്ധു മൊഴി നൽകി. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തി ഗോപൻ സ്വാമിയെ കണ്ടെ ബന്ധുവാണ് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഗോപൻസ്വാമി നടന്നു പോയി സമാധിയായെന്നായിരുന്നു മകൻ രാജസേനന്റെ മൊഴി. മൊഴികളിൽ വൈരുധ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഗോപൻ സ്വാമി മരിച്ചശേഷം സമാധി സ്ഥലത്ത് കൊണ്ടുവെയ്ക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. കുടുംബത്തിന്റെ മൊഴിയിൽ ദുരൂഹതയുണ്ട് പൊലീസ് പറയുന്നു. മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യണമെന്ന പൊലീസ് അപേക്ഷയിൽ കലക്റുടെ തീരുമാനം ഇന്നുണ്ടാകും.
ആർഡിഒയുടെ സാന്നിധ്യത്തിൽ കല്ലറ തുറന്ന് പരിശോധിക്കണമെന്നും മൃതദേഹമുണ്ടെങ്കിൽ പോസ്റ്റുമോർട്ടം നടത്തണമെന്നാണ് പൊലീസിന്റെ ആവശ്യം. നെയ്യാറ്റിൻകര ആറാലു മൂടിൽ ക്ഷേത്രാചാര്യനായിരുന്ന ഗോപൻ സ്വാമി സമാധിയായെന്നും നാട്ടുകാർ അറിയാതെ അന്ത്യകർമ്മങ്ങൾ ചെയ്തുവെന്നുമാണ് കുടുംബം പൊലീസിന് നൽകിയിരിക്കുന്ന മൊഴി.