ഹെല്‍മെറ്റ് ഇല്ലാത്തവര്‍ക്ക് ഇനി പെട്രോള്‍ കിട്ടില്ല; പുതിയ നിയമവുമായി യുപി സര്‍ക്കാര്‍
റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രധാന നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ‘നോ ഹെല്‍മറ്റ് നോ ഫ്യുവല്‍’ നയമാണ് നടപ്പിലാക്കുന്നത്. 2025 ജനുവരി 26 മുതല്‍ ലഖ്നൗവില്‍ ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് ഇന്ധനം നല്‍കില്ല എന്ന നയം നടപ്പിലാക്കാനാണ് നീക്കം. ഈ നയം പ്രകാരം ഹെല്‍മറ്റ് ധരിക്കാതെ പെട്രോള്‍ നിറയ്ക്കാന്‍ പമ്പുകളില്‍ എത്തുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ല. ബൈക്ക് ഓടിക്കുന്നവര്‍ക്കും പിന്‍സീറ്റില്‍ ഹെല്‍മറ്റ് ഇല്ലാതെ സഞ്ചരിക്കുന്ന റൈഡര്‍മാര്‍ക്കും പെട്രോള്‍ നല്‍കില്ല. റോഡപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
ഉത്തര്‍പ്രദേശ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പ്രകാരമാണ് ലഖ്നൗ ജില്ലാ മജിസ്ട്രേറ്റ് സൂര്യ പാല് ഗാംഗ്വാര്‍ ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുകയും ഹെല്‍മെറ്റ് ധരിക്കാത്തതുമൂലമുള്ള മരണങ്ങള് തടയുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.