അധ്യക്ഷ സ്ഥാനത്തേക്ക് വോട്ടെടുപ്പ് ആകാമെന്ന് കോര്‍ കമ്മറ്റി; കേന്ദ്ര നേതൃത്വം വനിതകള്‍ക്ക് വേണ്ടി വാദിക്കുന്നത് ശോഭാ സുരേന്ദ്രന് തുണയാകും
ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഉറപ്പായി. കെ സുരേന്ദ്രന് വീണ്ടും മത്സരിക്കും. കെ സുരേന്ദ്രനെതിരെ എംടി രമേശിനെ മത്സരിപ്പിക്കാനാണ് പികെ കൃഷ്ണദാസ് പക്ഷത്തിന് താല്‍പ്പര്യം. എന്നാല്‍ എ എന്‍ രാധാകൃഷ്ണും പദവി നോട്ടമിടുന്നുണ്ട്. ശോഭാ സുരേന്ദ്രനെ അധ്യക്ഷയാക്കണമെന്ന അഭിപ്രായം ദേശീയ നേതൃത്വത്തില്‍ സജീവമാണ്. എന്തായാലും വോട്ടെടുപ്പുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകൾ.
ബുധനാഴ്ച ചേര്‍ന്ന കോര്‍കമ്മിറ്റിയിലാണ് മണ്ഡലം , ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കു നടന്നതുപോലെ ‘അഭിപ്രായരൂപീകരണം’ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുമാകാം എന്നു നിര്‍ദേശിച്ചത്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് അഭിപ്രായരൂപീകരണത്തിനായി വോട്ടെടുപ്പ് നടത്തുകയായിരുന്നു. എന്നാല്‍ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 31നു മുന്‍പു തിരഞ്ഞെടുപ്പ് നടക്കും.
സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വോട്ടെടുപ്പു നടന്നാലും കൂടുതല്‍ വോട്ട് കിട്ടുന്നവര്‍ പ്രസിഡന്റാകണമെന്നില്ല. ദേശീയ നേതൃത്വത്തിന്റെ തീരുമാനം നിര്‍ണ്ണായകമായിരിക്കും . വനിതകള്‍ക്ക് പ്രധാന്യം നല്കാന് ബിജെപി ദേശീയ നേതൃത്വത്തില്‍ ധാരണയായിട്ടുണ്ട്. അത് ശോഭാ സുരേന്ദ്രന് മികച്ച സാധ്യതയാണ് നൽകുന്നത്.