ഇരുകൈയ്യും നീട്ടി മെട്രോബസ്സിനെ സ്വീകരിച്ച നാട്ടുകാർ
കളമശ്ശേരി: കൊച്ചി മെട്രോ ട്രെയിനിലേതിന് സമാനമായ സൗകര്യങ്ങളുമായി ആരംഭിച്ച ഇലക്ട്രിക് ബസ് സർവ്വീസിന് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ദിവസം തന്നെ യാത്രക്കാരിൽ നിന്ന് വൻ വരവേൽപ്പാണ് ഇലക്ട്രിക് ബസിന് ലഭിച്ചത്. ആലുവ- എയർപോർട്ട്, കളമശേരി- മെഡിക്കൽ കോളേജ്, കളമശേരി- കുസാറ്റ് റൂട്ടുകളിലാണ് വ്യാഴാഴ്ച സർവ്വീസ് ആരംഭിച്ചത്.
ഈ റൂട്ടുകളിൽ 1855 പേരാണ് ആദ്യ ദിനം യാത്ര ചെയ്തത്. എയർ പോർട്ട് റൂട്ടിൽ 1345 പേരും കളമശേരി റൂട്ടിൽ 510 പേരും ഇലക്ടിക് ബസ് ഉപയോഗിച്ചു. മൂന്നു റൂട്ടുകളിലുമായി ആദ്യ ദിവസത്തെ പ്രതിദിന കളക്ഷൻ 1,18,180 രൂപയാണ്. എയർപോർട്ട് റൂട്ടിൽ നാലു ബസുകളും കളമശേരി റൂട്ടിൽ രണ്ട് ബസുകളുമാണ് വ്യാഴാഴ്ച സർവ്വീസ് നടത്തിയത്. ഹൈക്കോർട്ട്-എംജി റോഡ് സർക്കുലർ, കടവന്ത്ര-കെ.പി വള്ളോൻ റോഡ് സർക്കുലർ, കാക്കനാട് വാട്ടർമെട്രോ-ഇൻഫോപാർക്ക്, കിൻഫ്രപാർക്ക്, കളക്ട്രേറ്റ് എന്നീ റൂട്ടുകളിൽ ഘട്ടം ഘട്ടമായി ഉടനെ സർവ്വീസുകൾ ആരംഭിക്കും.
ആലുവ- എയർപോർട്ട് റൂട്ടിൽ 80 രൂപയും മറ്റു റൂട്ടുകളിൽ അഞ്ച് കിലോമീറ്റർ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂർണമായും എയർകണ്ടീഷൻ ചെയ്ത ഇലക്ട്രിക് ബസിലെ യാത്ര നിരക്ക്. കൊച്ചി മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫസ്റ്റ് മൈൽ-ലാസ്റ്റ് മൈൽ കണക്ടിവിറ്റി വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകൾ ഏകദേശം 15 കോടിയോളം രൂപ മുടക്കി വാങ്ങി കൊച്ചി മെട്രോ സർവ്വീസ് നടത്തുന്നത്. എയർപോർട്ട് റൂട്ടിൽ നാലു ബസുകളും കളമശേരി റൂട്ടിൽ രണ്ട് ബസുകളും ഇൻഫോപാർക്ക് റൂട്ടിൽ ഒരു ബസും കളക്ട്രേറ്റ് റൂട്ടിൽ രണ്ട് ബസുകളും ഹൈക്കോർട്ട് റൂട്ടിൽ മൂന്നു ബസുകളും കടവന്ത്ര റൂട്ടിൽ ഒരു ബസുമാണ് സർവ്വീസ് നടത്തുന്നത്.