യുദ്ധം അവസാനിക്കുമ്പോളും ചെങ്കടലിൽ ആധിപത്യമുറപ്പിച്ച് ഹൂതികൾ; അമേരിക്കൻ ചേരിക്ക് ഹൂതികൾ സമ്മാനിച്ചത് കോടികളുടെ നഷ്ടം
ഇന്നുമുതൽ നടപ്പിലാക്കുന്ന ഹമാസുമായുള്ള വെടിനിര്‍ത്തല്‍ താല്‍ക്കാലികമാണെന്ന് പറയുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആവശ്യമെങ്കില്‍ ഇനിയും പോരാട്ടം തുടരും. ഇസ്രായേലിന് ഈ പോരാട്ടം തുടരാന്‍ അവകാശമുണ്ടെന്നും അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം ആവർത്തിച്ച് പറയുകയും ചെയ്തു.
ഹമാസുമായുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നുവെങ്കിലും, ചെങ്കടലിൽ ഹൂതികൾ പിന്നോട്ടില്ല എന്ന് തന്നെയാണ് പറയുന്നത്. ഗാസയിൽ വെടിവയ്പ് താൽകാലികമായി നിലക്കുമ്പോളും ചെങ്കടൽ പാതയിലേക്കുള്ള തിരിച്ച് വരവിന് ചരക്ക് കപ്പലുകൾ മടിക്കുകയാണ്. ഗാസ വെടി നിർത്തൽ പ്രഖ്യാപിച്ചിട്ടും ചെങ്കടൽ വഴി ചരക്ക് കൊണ്ടു പോകാൻ ഇപ്പോഴും കപ്പലുകൾ തയാറാകുന്നില്ല.
ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചെങ്കടൽ വഴി കടന്ന് പോകുന്ന കപ്പലുകൾ നേരത്തേ, വഴി തിരിച്ച് വിടാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ വെടി നിർത്തൽ പ്രഖ്യാപിച്ചെങ്കിലും ചെങ്കടലിനെ ഇപ്പോഴും ഭീതിയോടെയാണ് ലോജിസ്റ്റിക് കമ്പനികൾ കാണുന്നത്. 2023 നവംബർ മുതൽ ചെങ്കടൽ വഴി കടന്ന് പോകുന്ന കപ്പലുകളെ ലക്ഷ്യം വച്ചുള്ള ഹൂതി ആക്രമണങ്ങളിൽ നിരവധിപ്പേർ കൊല്ലപ്പെടുകയും കപ്പലുകൾക്ക് കേടുപാടുകൾ ഉണ്ടാക്കുകയും,ചെയ്തിരുന്നു.
അപകടസാധ്യതകൾ ഒഴിവാക്കാൻ, ഷിപ്പിംഗ് കമ്പനികൾ അവരുടെ യാത്രകൾക്ക് സമയവും ഇന്ധനവും ചെലവും കൂടുതലാകുമെന്നറിഞ്ഞിട്ടും, കേപ് ഓഫ് ഗുഡ് ഹോപ്പ് ചുറ്റി പോകാൻ കമ്പനികൾ തീരുമാനിച്ചു. ചരക്ക് കൊണ്ടു പോകുന്നതിനുള്ള ഏറ്റവും സുഗമമായ പാതയാണ് ഭീഷണികൾ ഭയന്ന് ഇപ്പോൾ ആളില്ലാതെ കിടക്കുന്നത്. സഞ്ചാര പാത മാറ്റിയത് കപ്പലുകൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് നൽകിയത്. കപ്പലുകളുടെ ഇന്ധന ചെലവ് 30 ശതമാനത്തോളം വർധിച്ചു. ഇത് ഉൽപ്പന്നങ്ങളുടെ വില വർധിക്കുന്നതിനും കാരണമായി. ഹൂതികൾ ഉയർത്തിയ ഈ ഭീഷണി അങ്ങനെ ആഗോള വ്യാപാരത്തെ ബാധിക്കുകയും ചെയ്തു.
2023 നവംബർ മുതൽ വ്യാപാര കപ്പലുകൾ, നാവിക കപ്പലുകൾ, എണ്ണ ടാങ്കറുകൾ എന്നിവയുൾപ്പെടെ വിവിധ കപ്പലുകളെ ലക്ഷ്യമിട്ടാണ് ഹൂതികൾ ആക്രമണം നടത്തിയത്. ഈ ആക്രമണങ്ങൾക്ക് മറുപടിയായി, ചെങ്കടലിലെ വാണിജ്യ കപ്പൽ ഗതാഗതം സംരക്ഷിക്കാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യം രൂപീകരിച്ചു. ബ്രിട്ടൻ, ഫ്രാൻസ്, ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തം ഈ സഖ്യത്തിൽ ഉൾപ്പെടുന്നു. യൂറോപ്യൻ യൂണിയൻ മേഖലയിലെ മർച്ചൻ്റ് ഷിപ്പിംഗ് സംരക്ഷിക്കുന്നതിനായി ഓപ്പറേഷൻ ആസ്പൈഡ്സ് എന്ന നാവിക ദൗത്യവും ആരംഭിച്ചു.
എന്നാലും സുരക്ഷാ സാഹചര്യം ഒരുങ്ങുകയും, ഹൂതികളുടെ ഭീഷണി പൂർണ്ണമായും ഇല്ലാകാതാകുകയും ചെയ്യുന്നതുവരെ, സമയവും ഇന്ധനവും ചെലവായാലും ഷിപ്പിംഗ് കമ്പനികൾ അവരുടെ യാത്രകൾക്ക് ചെങ്കടൽ തെരഞ്ഞെടുക്കാൻ സാധ്യത കാണുന്നില്ല.
ബാബ് അൽ-മന്ദാബ് കടലിടുക്കും ആഗോള വ്യാപാരത്തിൻ്റെ നിർണായക കേന്ദ്രമാണ്. ദശ ലക്ഷക്കണക്കിന് ബാരൽ എണ്ണയും മറ്റ് അവശ്യവസ്തുക്കളുമാണ് പ്രതിദിനം ഇതു വഴി കടന്നുപോകുന്നത്. ഈ മേഖലയിലെ ഷിപ്പിംഗ് തടസ്സപ്പെടുത്തുന്നതും ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കുള്ള അപകട സാധ്യത വർധിക്കുന്നത് അനുസരിച്ച് ഇൻഷുറൻസ് പ്രീമിയവും വർധിക്കുന്നുണ്ട്. പല കമ്പനികളും അവരുടെ റൂട്ടുകളും റിസ്ക് മാനേജ്മെൻ്റ് തന്ത്രങ്ങളും പുനർ നിർണ്ണയം നടത്തി. ഷിപ്പിംഗ് വ്യവസായത്തിലുടനീളം ഇത് മാന്ദ്യവും സൃഷ്ട്ടിച്ചു.
ഹമാസുമായുള്ള യുദ്ധത്തിൽ ഗാസയിൽ ഒട്ടേറെ നഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കെട്ടിടങ്ങൾ തകർന്ന് തരിപ്പണമായി ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമായി. പതിനായിരങ്ങൾക്ക് പരുക്കേറ്റു. ഇസ്രാഈലിനും ഒട്ടേറെ സൈനികരെ നഷ്ടമായിട്ടുണ്ട്. സാമ്പത്തിക നഷ്ടം വേറെയും.
എന്നാൽ പലസ്തീനിലെ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി ആയുധമെടുത്ത് ഇറങ്ങിയ യെമനിലെ ഹൂതികൾ അമേരിക്കൻ ഇസ്രായേൽ സഖ്യ രാജ്യങ്ങൾക്ക് വരുത്തിവെച്ചിരിക്കുന്നത് ഭീമമായ സാമ്പത്തിക നഷ്ടമാണ്. കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഷിപ്പിംഗ് മേഖലയിലെ ഈ പ്രതിസന്ധി കാരണം പല രാജ്യങ്ങൾക്കും ഉണ്ടായിരിക്കുന്നത്. ഇനിയും ഇസ്രായേൽ ഗാസയിൽ ആക്രമണം നടത്തിയാൽ, ചെങ്കടലിൽ തങ്ങൾ തിരിച്ചടിക്കുമെന്ന് ഇന്നലെയും അവർ പറയുന്നുണ്ട്. ശാശ്വതമായ വെടിനിർത്തൽ വരുന്നത് വരെ ഹൂതികളുടെ ആക്രമണം അവസാനിക്കില്ല എന്ന് തന്നെയാണ് അവർ ലോകത്തോട് വിളിച്ച് പറയുന്നത്.