കഴുത്തിന് കുത്തിപ്പിടിച്ച് കാറിൽ കയറ്റി, വസ്ത്രം വലിച്ചുകീറി; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കൗൺസിലർ കലാ രാജു
കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയ അവതരണ നീക്കത്തിനിടെ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന സംശയത്ത തുടർന്ന് എൽഡിഎഫ് കൗൺസിലർ കലാരാജുവിനെ സിപിഎം പ്രവർത്തകർ കടത്തിക്കൊണ്ടു പോവുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം സിപിഎം ഓഫീസിൽനിന്നാണ് കൗൺസിലർ കലാരാജു പുറത്തുവന്നത്.
കൂത്താട്ടുകുളത്ത് സിപിഎം പ്രവർത്തകർ പെരുമാറിയത് വളരെ മോശമായ രീതിയിലെന്നും, പൊതുമധ്യത്തിൽ അപമാനിക്കപ്പെട്ടുവെന്നും, തന്നെ കൊന്നുകളയണമെന്ന് ആക്രോശിച്ചെന്നും കലാരാജു പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ചതിനടക്കം കേസെടുക്കണമെന്നും സ്വന്തമായി കേസ് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും കലാ രാജു മാധ്യമങ്ങളോട് പറഞ്ഞു.
ഇനിയും ഈ ‘പാര്‍ടിയില്‍ തുടരണോ എന്ന് ആലോചിക്കും. യുഡിഎഫുമായി സഹകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കും. മഹിളാ അസോസിയേഷന് പ്രവര്‍ത്തകര്‍ വന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും ജീവന് ഭീഷണിയുണ്ടെന്നും കല പറഞ്ഞു.
പൊലീസ് എന്തുകൊണ്ടാണ് സംരക്ഷണം നല്‍കാതിരുന്നത് എന്നും കല ചോദിക്കുന്നുണ്ട്.
നിന്നെ അകത്തോട്ട് കയറ്റാതിരിക്കാന്‍ ഇന്നലെമുതല്‍ കരുതിനിന്നതാണെന്ന് ലോക്കല്‍ സെക്രട്ടറിയടക്കം തന്നോട് ആക്രോശിച്ചു. അവളെ കൊന്നുകളയെടാ എന്നും പറഞ്ഞു. അവളെ പിടിച്ച് വണ്ടിയിലേക്ക് വലിച്ചുകയറ്റെടാ എന്ന് പറഞ്ഞത് വൈസ് ചെയര്മാന് സണ്ണി കുര്യാക്കോസാണ്.
എന്നിട്ട് ഫേസ്ബുക്ക് പോസ്റ്റില്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് പറയുമ്പോഴും പൊതുജനങ്ങളുടെ കണ്ണ് മൂടിക്കെട്ടാന്‍ കഴിയില്ലല്ലോ. ജനക്കൂട്ടത്തിനിടയില്‍ വെച്ച് വനിതാ സഖാക്കള്‍ കഴുത്തിന് കുത്തിപ്പിടിച്ച്, പുരുഷ സഖാക്കള്‍ക്ക് ഇട്ടുകൊടുക്കുകയായിരുന്നു. സ്ത്രീയെ പൊതുജനമധ്യത്തില്‍ വസ്ത്രാക്ഷേപം നടത്തുന്നത് ശരിയാണോ എന്ന് ചോദിച്ച കല രാജു, ഡിവൈഎഫ്ഐയുടെ അരുണ്‍ അശോകനാണ് വണ്ടി ഓടിച്ചത് എന്നും വെളിപ്പെടുത്തി.
അതേസമയം കലാ രാജുവിനെ കടത്തിക്കൊണ്ടു പോയില്ലെന്ന് വിശദീകരണവുമായി സിപിഎം നേതൃത്വം രംഗത്തുവന്നു. പാര്‍ട്ടി തീരുമാനപ്രകാരം കലയുള്പ്പെടെയുളള 13 കൗണ്‍സിലര്‍മാര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ കേന്ദ്രീകരിക്കുകയായിരുന്നു എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഐഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി വി രതീഷ് പറയുന്നത്.
‘അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാൻ തന്നെയാണ് താൻ വന്നത്. പ്രമേയത്തിൽ നിന്ന് മാറിനിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. എതിർപ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഇതുപോലെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതിൻ്റെ ആഘാതത്തിലാണ് ഇപ്പോഴും താനെന്നും കല പറഞ്ഞു.
‘എനിക്ക് എൻ്റേതായ നിലപാടുകളുണ്ട്. ഞാൻ 25 വർഷം പാർട്ടിയിലുണ്ടായ ആളാണ്. എൻ്റെ നിലപാട് വ്യക്തമാക്കിയപ്പോഴാണ് എതിർപ്പ് ഉയർന്നത്. പൊതുമധ്യത്തിൽ വസ്ത്രാക്ഷേപം നടത്തി. അവളെ കൊന്നുകളയെടാ എന്ന ലോക്കൽ സെക്രട്ടറിയൊക്കെ അലർച്ചയൊക്കെ ഞാൻ കേട്ടതാണ്. എന്നെ വണ്ടിയിലേക്ക് വലിച്ചിഴച്ചത് വൈസ് ചെയർമാനാണ്. എന്നും കലാ രാജു പറയുന്നു.
വസ്ത്രം വലിച്ചുകീറി അപഹാസ്യയാക്കിയ ആളുകളുടെ കൂടെ എങ്ങനെ നിൽക്കുമെന്നും, ഇനി തന്നെ ആര് സംരക്ഷിക്കുന്നുവോ അവർക്കൊപ്പം നിൽക്കുമെന്നും കല രാജു പറഞ്ഞു.