75ാമത്തെ റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യതലസ്ഥാനം
75ാമത്തെ റിപബ്ലിക് ദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ രാജ്യതലസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഇത്തവണയും വിപുലമായ ആഘോഷങ്ങളാണ് രാജ്യതലസ്ഥാനത്ത് ഒരിക്കിയിരിക്കുന്നത്.ഇന്ത്യയിലുടനീളമുള്ള 300 ഓളം കലാകാരൻമാർ വ്യത്യസ്തമായ സംഗീതോപകരണങ്ങള്‍ വായിച്ചുകൊണ്ടായിരിക്കും പരേഡിന് തുടക്കം കുറിക്കുക.
ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും സൈനിക ശക്തിയും വിളിച്ചോതുന്നതാകും ഇത്തവണത്തേയും ആഘോഷങ്ങള്‍.ഭരണഘടന നിലവില്‍ വന്ന ദിവസമാണ് രാജ്യം റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നത്. ‘ജൻ ഭാഗിദാരി’ (ജനങ്ങളുടെ പങ്കാളിത്തം) എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണത്തെ ആഘോഷം.
വിവിധ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് ‘സാരെ ജഹാം സെ അച്ചാ’ എന്ന ഗാനം ആലപിക്കും . തുടർന്ന് നടക്കുന്ന നൃത്താവിഷ്കാരത്തില്‍ 5000 കലാകാരന്മാർ പങ്കെടുക്കും.
‘ജയതി മമ ഭാരതം’ എന്ന പേരില്‍ 11 മിനിറ്റോളം നീണ്ടുനില്‍ക്കുന്നതായിരിക്കും കലാപ്രകടനം. സംഗീത നാടക അക്കാദമിയാണ് പരിപാടി നടത്തുക. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 45-ലധികം നൃത്തരൂപങ്ങള്‍ പ്രകടനത്തില്‍ അവതരിപ്പിക്കും. ആദ്യമായി, എല്ലാ അതിഥികള്‍ക്കും ഒരേ കാഴ്ചാനുഭവം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി വിജയ് ചൗക്ക് മുതല്‍ സി ഷഡ്ഭുജം വരെയുള്ള കർതവ്യപഥിലായിരിക്കും പ്രകടനം നടക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അർപ്പിക്കുന്നതോടെയാണ് റിപ്പബ്ലിക് ദിന പരേഡിന് തുടക്കമാകുക. തുടർന്ന് അദ്ദേഹം കർത്തവ്യപഥിലെ പ്രധാന വേദിയിലെത്തും. ഇതേസമയം രാഷ്ട്രപതി ദ്രൗപതി മുർമു കർത്തവ്യപഥില്‍ എത്തും. ദേശീയഗാനത്തിന്റെ അകമ്ബടിയോടെ രാഷ്ട്രപതി ദേശീയ പതാക ഉയർത്തും. സായുധ സേന, പാരാ മിലിട്ടറി ഫോഴ്സ്, ഓക്സിലറി സിവില്‍ ഫോഴ്സ്, എൻസിസി, എൻഎസ്എസ് എന്നിവയുടെ യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന ആചാരപരമായ മാർച്ച് പാസ്റ്റില്‍ രാഷ്ട്രപതി അഭിവാദ്യം സ്വീകരിക്കും.
റിപബ്ലിക് ദിന പരേഡിന്റെ ഭാഗമായി ഇത്തവണ 31 ടാബ്ലോകളാണ് അവതരിപ്പിക്കുക. ‘സുവര്‍ണ ഭാരതം: പാരമ്ബര്യവും വികസനവും’ എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ടാബ്ലോകള്‍. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുമുള്ള 16 ടാബ്ലോകള്‍, കേന്ദ്രസർക്കാർ വകുപ്പുകളുടെ 15 ടാബ്ലോകള്‍ എന്നിവയായിരിക്കും ഉണ്ടാകുക. ഇന്ത്യൻ ഭരണഘടനയുടെ 75 വർഷങ്ങള്‍ പ്രതിപാദിക്കുന്ന രണ്ട് ടേബ്ലോകള്‍ ഉണ്ടാകും. ഭഗവാൻ ബിർസ മുണ്ടയുടെയും സർദാർ വല്ലഭായ് പട്ടേലിന്റേയും 150-ാം ജന്മവാർഷികമാണ് ടാബ്ലോയിലെ മറ്റ് ഹൈലൈറ്റുകള്‍.
രാജ്യത്തിന് സംഭാവന നല്കിയ വ്യക്തികളെ ചടങ്ങില്‍ ആദരിക്കും. സർപഞ്ചുകള്‍, ദുരന്ത നിവാരണ പ്രവർത്തകർ, ജലസേനാംഗങ്ങള്, കരകൗശല വിദഗ്ധർ, എസ്എച്ച്ജി അംഗങ്ങള്‍ തുടങ്ങി 34 വിഭാഗങ്ങളിലായി 10,000-ത്തോളം പേർ വ്യക്തികള്‍ക്ക് ക്ഷണമുണ്ടാകും.
രാജ്യത്തിന് സമഗ്ര സംഭാവനകള്‍ നല്കി 34 വിഭാഗങ്ങളില്‍ നിന്നുള്ള 10,000ത്തോളം അതിഥികളെയാണ് ഇത്തവണത്തെ റിപബ്ലിക് ദിനാഘോഷങ്ങള്‍ക്കായി ക്ഷണിച്ചരിക്കുന്നത്. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാൻ്റോ ആണ് ഈ വർഷത്തെ അതിഥി.
‘ബീറ്റിങ് റിട്രീറ്റോട്’ കൂടിയായിരിക്കും റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് അവസാനം കുറിക്കുക. ആഘോഷങ്ങളുടെ കൊട്ടികലാശമായിട്ടാണ് ഈ ചടങ്ങിനെ കണക്കാക്കുന്നത്. വിജയ് ചൗക്കില്‍ ജനുവരി 29ന് വൈകീട്ടാണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങ് നടക്കുക. സംഗീത സാന്ദ്രമായിരിക്കും ഈ ചടങ്ങ്. ഇന്ത്യൻ ഗാനങ്ങളാണ് ഈ സമയത്ത് ആലപിക്കുക.
ദേശീയ ഗാനത്തിന് ശേഷം ഇന്ത്യൻ ഭരണഘടനയുടെ 75-ാം വർഷത്തിൻ്റെ ഔദ്യോഗിക ലോഗോ പതിച്ച ബലൂണുകള്‍ പറത്തും.47 വിമാനങ്ങളുടെ ഫ്ളൈപാസ്റ്റോടെയായിരിക്കും പരിപാടി സമാപിക്കുക.
റിപ്പബ്ലിക് ദിന പരേഡ് കാണുന്നതിനാും ഈ ദിവസത്തെ മറ്റു പ്രധാന പരിപാടികള്‍ക്ക് സാക്ഷ്യം വഹിക്കുന്നതിനുമായി ടിക്കറ്റ് ബുക്കിംഗ്, ഇരിപ്പിടങ്ങളുടെ സ്ഥാനം, പാർക്കിംഗ് ക്രമീകരണങ്ങള്‍ തുടങ്ങിയവ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ബുക്കിങ്ങിനുമായി ‘രാഷ്ട്രപർവ് പോർട്ടല്‍’ എന്നൊരു പോർട്ടലും എല്ലാ വിവരങ്ങളും അടങ്ങിയ ഒരു മൊബൈല്‍ ആപ്പും ലഭ്യമാണ്. റിപ്പബ്ലിക് ദിന പരേഡ്,ബീറ്റിംഗ് റിട്രീറ്റ് തുടങ്ങിയ പ്രധാന പരിപാടികളുടെയെല്ലാം വിവിരങ്ങള്‍ ഇതില്‍ ലഭിക്കും.