ജൽഗാവ് റെയിൽ അപകടം; 11 മരണം, അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി
മഹാരാഷ്ട്രയിലെ ജൽഗാവിലുണ്ടായ അതിദാരുണ സംഭവത്തിൽ മരണം 11 ആയി. 5 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ യാത്രക്കാർ മരിച്ച വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ പറയുന്നു.
ജൽഗാവിൽ വൈകീട്ട് നാല് മണിയോടെയാണ് അസാധാരണ ദുരന്തമുണ്ടായത്. ലഖ്നൌവിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന പുഷ്പക് എക്സ്പ്രസ്സിന്റെ ചക്രങ്ങളിൽ പുക കണ്ടെന്നാണ് യാത്രക്കാർ പറയുന്നത്. പിന്നാലെ ചങ്ങല വലിച്ചു നിർത്തി. B4 കോച്ചിലെ യാത്രക്കാരാണ് പുറത്തേക്ക് എടുത്ത് ചാടിയത്. എതിർ ദിശയിൽ വരികയായിരുന്ന കർണാടക എക്സ്പ്രസ് ഇവരുടെ ശ്രദ്ധയിൽ പെട്ടില്ല. നിമിഷ നേരം കൊണ്ട് റെയിൽ ട്രാക്ക് ചോരക്കളമായി മാറി.
അതിന് പിന്നാലെ രക്ഷാദൗത്യം തുടങ്ങി. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം പറയുന്നു. ദുരന്തത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മധ്യ റെയിൽവേയും അറിയിച്ചു.