ആവേശം അലതല്ലിയ മത്സരം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് വിജയം
ആവേശം അവസാന ഓവര്‍ വരെ കൂട്ടിനെത്തിയ പോരാട്ടത്തില്‍, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം, രണ്ടു വിക്കറ്റും നാലു പന്തും ബാക്കിയുള്ളപ്പോൾ ഇന്ത്യ മറികടന്നു. മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയിട്ടും, വാലറ്റത്തെ കൂട്ടുപിടിച്ച് തിലക് വര്‍മ നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ, അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാം മത്സരം ചൊവ്വാഴ്ച രാജ്കോട്ടിലെ നിരഞ്ജന് ഷാ സ്റ്റേഡിയത്തില്‍ നടക്കും.
55 പന്തില്‍ നാലു ഫോറും അഞ്ച് സിക്സും ഉള്‍പ്പടെ തിലക് വര്‍മ 72 റണ്‍സുമായി പുറത്താകാതെ നിന്നു. ജെയ്മി ഓവര്ട്ടന് എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ആറു റണ്‍സ്. ആദ്യ പന്തില്‍ ഡബിളും രണ്ടാം പന്തില്‍ ബൗണ്ടറിയും കണ്ടെത്തി തിലക് വര്‍മ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. അഞ്ച് പന്തില്‍ രണ്ടു തവണ അതിര്‍ത്തി കടത്തി ഒന്‍പതു റണ്‍സുമായി പുറത്താകാതെ നിന്ന രവി ബിഷ്ണോയിയും വിജയത്തില്‍ നിര്‍ണായകമായി.