പ്രാദേശിക തലത്തിൽ ബിജെപിയുടെ വളർച്ച തടയണം; സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ റിപ്പോർട്ട്
പൗരത്വ നിയമ ഭേദഗതി, പലസ്തീൻ മുതലായ വിഷയങ്ങളിലെ പാർട്ടി സമീപനം ന്യൂനപക്ഷ പ്രീണനം എന്ന് തെറ്റിദ്ധരിക്കപ്പെട്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രാദേശിക തലത്തിൽ ബിജെപിയുടെ വളർച്ച ചെറുക്കണം എന്നും പരിസ്ഥിതി വിഷയങ്ങളിൽ ഉൾപ്പെടെ ജനപക്ഷത്ത് നിന്ന് ജാഗ്രതയോടെ ഇടപെടണമെന്നും റിപ്പോർട്ടിലുണ്ട്.
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പി.പി.ദിവ്യക്കും വിമർശനമുണ്ട്. ദിവ്യയുടെ നടപടി അനുചിതമായെന്നും പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും അഭിപ്രായമുണ്ടായി. പൊതു ചർച്ച ഇന്ന് തുടരും. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പുതിയ ജില്ലാ കമ്മിറ്റിയെ നാളെ തെരഞ്ഞെടുക്കും. എം.വി.ജയരാജൻ സെക്രട്ടറി സ്ഥാനത്ത് തുടർന്നേക്കും. ടി.വി.രാജേഷിൻറെ പേരും പറഞ്ഞ് കേൾക്കുന്നുണ്ട്.