ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍; മൈജിയുടെ അമരക്കാരന്റെ ഗൃഹപ്രവേശത്തിലും താരം ഇവൻ തന്നെ
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഗൃഹോപകരണ ശൃംഖലയായ മൈജിയുടെ അമരക്കാരനായ ഷാജിയുടെ സ്വപ്ന ഭവനത്തിന്റെ ഗൃഹപ്രവേശന ചടങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയുന്നത്.മൈജി ഡിജിറ്റല്‍ സിഎംഡിയാണ് പ്രിയപ്പെട്ടവർക്ക് ഷാജിക്കയെന്ന എകെ ഷാജി.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്താണ് ഷാജി ‘മൈജി ഹദീഖ’ എന്ന് പേരിട്ടിരിക്കുന്ന വീട് പണികഴിപ്പിച്ചിരിക്കുന്നത്. മൈജി ഉടമയുടെ ഗൃഹപ്രവേശന ചടങ്ങ് നാടിന് തന്നെ ഉത്സവമായിരുന്നു. ഒന്നിലേറെ ദിവസങ്ങളായി നീണ്ടു നിന്ന ചടങ്ങില്‍ കല, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. കോടികള്‍ മുടക്കി പണിത വീട്ടിലേക്ക് താമസം മാറുന്നതിന്റെ കൂടെ തന്നെ ഷാജി തന്റെ ഗ്യാരേജി വലുതാക്കിയിരുന്നു.
ഇതിനോടകം തന്നെ നിരവധി ആഡംബര കാറുകള്‍ നിറഞ്ഞ തന്റെ ഗരാജിലേക്ക് പുത്തന്‍ മെര്‍സിഡീസ് മെയ്ബാക്ക് GLS 600 എസ്യുവിയാണ് അദ്ദേഹം ചേര്‍ത്തത്. 3.39 കോടി രൂപയാണ് ഈ കാറിന്റെ വില. നിരത്തിലെത്തിക്കാന്‍ പിന്നെയും ലക്ഷങ്ങള്‍ മുടക്കണം. എന്നാല്‍ മെയ്ബാക്കില്‍ മാത്രം ഒതുക്കാതെ സന്തോഷ വേളയില്‍ മറ്റൊരു കാര്‍ കൂടി വാങ്ങിയിരിക്കുകയാണ് ഷാജി. എന്നാല്‍ അത് തനിക്കല്ലെന്ന് മാത്രം. മകന് മുഹമ്മദ് ഹാനിക്കുള്ള സമ്മാനമായായാണ് പുത്തന്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ നല്‍കിയിരിക്കുന്നത്.
ഗൃഹപ്രവേശന ചടങ്ങിനിടെ തന്നെയായിരുന്ന കറുപ്പ് നിത്തിലുള്ള പുത്തന്‍ ഡിഫന്‍ഡറിന്റെ ഡെലിവറിയും. ഇന്ത്യയിലെ ലാന്‍ഡ് റോവറിന്റെ ഔദ്യോഗിക റീട്ടെയിലന്മാരായ മുത്തൂറ്റ് മോട്ടോര്‍സാണ് കാര്‍ ഡെലിവറി ചെയ്തത്. ഭാര്യക്കും മകള്ക്കുമൊപ്പമെത്തി ഷാജി പുത്തന്‍ കാര്‍ ഹാനിക്ക് കൈമാറി. ശേഷം പുത്തന്‍ കാറിന്റെ കൂടെ പിതാവും മകനും ഫോട്ടോക്ക് പോസ് ചെയ്തു. പുത്തന്‍ കാറിന്റെ ഡെലിവറി വീഡിയോ അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
വാഹന പ്രേമികള്‍ക്ക് ഒരു ആമുഖം ആവശ്യമില്ലാത്ത ഒരു എസ്യുവിയാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. ഈ ഭൂഗോളത്തില്‍ ഇന്നുവരെ പുറത്തിറങ്ങിയ ഏറ്റവും മികച്ച ഓഫ്റോഡര്‍ എസ്യുവികളുടെ പട്ടികയെടുത്താല്‍ തീര്‍ച്ചയായും അതില്‍ ഡിഫെന്‍ഡര്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും പ്രശസ്തരായ സെലിബ്രിറ്റികളുടെയും അതിസമ്ബന്നരുടെയും ഗരാജിലെ സ്ഥിരം സാന്നിധ്യമാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലുകളില്‍ ഒന്ന് കൂടിയാണ് ഇത്.
കുറച്ചു കൂടെ എളുപ്പത്തിൽ പറഞ്ഞാൽ ഉണ്ണി മുകുന്ദന്റെ പാന്‍ ഇന്ത്യന്‍ ഹിറ്റ് സിനിമയായ ‘മാര്‍ക്കോ’യിലെ ഒരു കഥാപാത്രം ഡിഫെന്‍ഡര്‍ ആയിരുന്നുവെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഇതിനോടകം ജനപ്രിയമായ എസ്യുവിയുടെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉയര്‍ത്തുകയായിരുന്നു ഈ ചിത്രം. മലയാളത്തിൽ മമ്മൂട്ടിയടക്കംനിരവധി താരങ്ങള്‍ ഡിഫെന്‍ഡര്‍ ഉടമകളായിട്ടുണ്ട്.
സെലിബ്രിറ്റികള്‍ക്കും പണക്കാര്‍ക്കും സന്തോഷം നല്‍കിക്കൊണ്ട് ലാന്‍ഡ് റോവര്‍ അടുത്തിടെയാണ് 2025 ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ വിപണിയില്‍ എത്തിച്ചത്. പഴയ ടര്‍ബോര്‍ഡ് പെട്രോള്‍, ഡീസല്‍ യൂണിറ്റുകള്‍ കൂടാതെ പുതിയ V8 എഞ്ചിന് നല്കുന്ന 2025 ഡിഫെന്‍ഡര്‍ 1.39 കോടി രൂപ എക്സ്-ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഡിഫെന്‍ഡര്‍ 90, ഡിഫെന്‍ഡര്‍ 110, ഡിഫെന്‍ഡര്‍ 130 എന്നിങ്ങനെ മൂന്ന് വേരിയന്റുകളുമായാണ് പുതിയ എഞ്ചിന് വാഗ്ദാനം ചെയ്യുന്നത്.
ഡിഫെന്‍ഡറിന്റെ MY25 അപ്ഡേറ്റിന്റെ ഹൈലൈറ്റ് പുതിയ V8 എഞ്ചിന് കൂട്ടിച്ചേര്‍ത്തതാണ്. പുതിയതും കൂടുതല്‍ ശക്തവുമായ V8 P425 5.0-ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 425 bhp പവറും 610 Nm പീക്ക് ടോര്‍ക്കും നല്കാന് ശേഷിയുള്ളതാണ്. ഡിഫെന്‍ഡര്‍ നിരയില്‍ 2.0 ലിറ്റര്‍, 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിഫെന്‍ഡര്‍ നിരയിലെ ഏറ്റവും ശക്തമായ 4.4 ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിനാണ് ടോപ് സ്പെക് ഒക്ട വേവരിയന്റില്‍ വരുന്നത്.
ഡിആര്‍എല്ലുകളോട് കൂടിയ മാട്രിക്സ് എല്‍ഇഡി ഹെഡ്ലൈറ്റുകള്, ബ്ലാക്ക് കോണ്ട്രാസ്റ്റ് റൂഫ്, 20 ഇഞ്ച് ഓള്-ടെറൈന്‍ സാറ്റിന് ഡാര്‍ക്ക് ഗ്രേ അലോയ് വീലുകള്‍ എന്നിവ ഉപയോഗിച്ച് എസ്യുവിയുടെ എക്സ്റ്റീരിയര്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. വിന്‍ഡ്സര്‍ ലെതര്‍ സീറ്റുകള്‍, മെമ്മറി ഫംഗ്ഷനും വിംഗ്ഡ് ഹെഡ്റെസ്റ്റുകളുമുള്ള 14-വേ ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് ഫ്രണ്ട് സീറ്റുകള്‍, വിംഗ്ഡ് ഹെഡ്റെസ്റ്റുകളുള്ള രണ്ടാം നിരയിലെ ക്ലൈമറ്റ് കണ്ട്രോള്ഡ് സീറ്റുകള്‍, നുബക്ക് എഡ്ജ്ഡ് കാര്‍പെറ്റ് മാറ്റുകള്‍ എന്നിവ ചേർത്ത് ക്യാബിന് പരിഷ്കരിച്ചു.
11.4 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 3D സറൗണ്ട് ക്യാമറ, സ്ലൈഡിംഗ് പനോരമിക് സണ്‍റൂഫ്, മെറിഡിയന് സൗണ്ട് സിസ്റ്റം, ഫ്രണ്ട് സെന്റര്‍ കണ്‍സോളില്‍ റഫ്രിജറേറ്റര്‍ കമ്ബാര്‍ട്ട്മെന്റ് എന്നിവയും കാറില്‍ ലഭിക്കുന്നു. പുതിയ ഡിഫന്‍ഡര്‍ ഇപ്പോള്‍ ടെറൈന്‍ റെസ്പോണ്‍സ്, കോണ്‍ഫിഗര്‍ ചെയ്യാവുന്ന ടെറൈന്‍ റെസ്പോണ്‍സ് ഫീച്ചറുകളോടെയാണ് വരുന്നത്. മെച്ചപ്പെട്ട റൈഡ് നിലവാരത്തിനായി ഇലക്ട്രോണിക് എയര്‍ സസ്പെന്‍ഷനും അഡാപ്റ്റീവ് ഡൈനാമിക്സും ഇത് വാഗ്ദാനം ചെയ്യുന്നു.
ചുരുക്കി പറഞ്ഞാൽ മൈജിയുടെ അമരക്കാരന്റെ ഗൃഹപ്രവേശത്തിലും താരമായത് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ആണെന്ന് സാരം