ഹേമ കമ്മിറ്റി റിപ്പോർട്ട്:പ്രത്യേക അന്വേഷണസംഘത്തിന് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി : ഹേമ കമ്മിറ്റി റിപ്പോർട്ടിന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണവുമായി പ്രത്യേക അന്വേഷണസംഘത്തിന് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി. കുറ്റകൃത്യം സംബന്ധിച്ച അറിവ് ലഭിച്ചാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ച ഹൈക്കോടതി വിധിക്ക് എതിരായ ഹർജികളിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.
ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റേത് ആണ് സുപ്രധാനമായ ഉത്തരവ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവർത്തനം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതിനാൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവർത്തനത്തിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അവർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മൊഴി നൽകിയവരിൽ പരാതി ഇല്ലാത്തവർക്ക് ഹൈക്കോടതിയെ സമീപിക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി . ഹൈക്കോടതി അത്തരം പരാതികളിൽ നിയമപരമായ തീരുമാനം എടുക്കും എന്നും സുപ്രീം കോടതി പറഞ്ഞു. സമ്മർദ്ദത്തിലാക്കി മൊഴി നൽകാൻ ആരെങ്കിലും പ്രേരിപ്പിക്കുന്നുവെന്ന പരാതി ഉണ്ടെങ്കിൽ അവർക്കും ഹൈക്കോടതിയെ സമീപിക്കാം എന്നും സുപ്രീം കോടതി വ്യക്തമാക്കി. നിർമാതാവ് സജിമോൻ പാറയിലും, ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ സിനിമ മേഖലയിലെ ഒരു യുവതിയും ആണ് ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നത് .