AMMA മാപ്പ് പറയണമെന്ന് ഷമ്മി തിലകൻ
ചലച്ചിത്ര താരങ്ങളുടെ സംഘടനയായ AMMA ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതരെ നടനും ഡബ്ബിങ് ആർടിസ്റ്റുമായി ഷമ്മി തിലകൻ. ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ വിജയ് ബാബുവിനെതിരെ സംഘടന സ്വീകരിച്ച നടപടി വ്യക്തമാക്കുന്ന വാർത്താക്കുറിപ്പിൽ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു വിഷയത്തിൽ അച്ചടക്ക സമിതി പരിഗണിക്കുന്ന തന്റെ പേര് കൂടി ഉൾപ്പെടുത്തി തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ഷമ്മി തിലകൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഈ പത്രക്കുറിപ്പിലെ തന്നെ കുറിച്ചുള്ള പ്രസ്താവന പിൻവലിച്ച് ജനറൽ സെക്രട്ടറി ഖേദം പ്രകടിപ്പിക്കണമെന്നും ഷമ്മി തിലകൻ ആവശ്യപ്പെട്ടു. ഷമ്മിതിലകനെതിരെ നടക്കുന്ന അന്വേഷണത്തിനായി ഡിസിപ്ലനറി കമ്മിറ്റിയുടെ മുൻപാകെ ഹാജരാവാനുള്ള നോട്ടീസ് കൊടുത്തുവെങ്കിലും കമ്മിറ്റിക്ക് മുൻപാകെ ഹാജരാവാൻ മെയ് 17 വരെ സമയം ആവശ്യപ്പെട്ടു എന്നുമാണ് AMMAയുടെ വാർത്താ കുറിപ്പിൽ പറയുന്നത്..
എന്നാൽ ഇത്തരത്തിലൊരു അറിയിപ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്നും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് തന്നെ മനപ്പൂർവം അപകീർത്തിപ്പെടുത്തുകയാണന്നും വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് തന്നെ വ്യക്തിഹത്യ നടത്തുന്ന സംഘടനാ സെക്രട്ടറി ഇടവേള ബാബു മാപ്പ് പറയണമെന്നും ഷമ്മി തിലകൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സംഘടന പുറത്തിറക്കിയ വാർത്താ കുറിപ്പും അദ്ദേഹം പോസ്റ്റിൽ പങ്കുവെച്ചു.
Content Highlights : Shammy Thilakan on Idavela Babu and AMMA