മനുഷ്യ മുടി കയറ്റുമതി ;നയത്തില്‍ ഭേദഗതി വരുത്തി ഡിജിഎഫ്ടി

മനുഷ്യ മുടി കയറ്റുമതിയില്‍ സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ. കിലോഗ്രാമിന് 65 യുഎസ് ഡോളറില്‍ താഴെ വിലയുള്ള അസംസ്കൃത മുടിയുടെ കയറ്റുമതി നിരോധിച്ചു.അസംസ്കൃത മനുഷ്യ മുടി നിരോധിക്കുന്നതിനായി അതിന്റെ കയറ്റുമതി നയത്തില്‍ ഭേദഗതി വരുത്തിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ആണ് അറിയിച്ചത്.
നേരത്തെ യാതൊരു നിയന്ത്രണവുമില്ലാതെ മുടി കയറ്റുമതി അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരു കയറ്റുമതിക്കാരന് വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിൽ (DGFT) നിന്ന് അനുമതിയോ ലൈസൻസോ നേടേണ്ടതുണ്ട്.
2022 ജനുവരിയില്‍ കേന്ദ്ര സർക്കാർ അസംസ്കൃത മനുഷ്യ മുടി കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയ പുതിയ വിജ്ഞാപന പ്രകാരം കിലോഗ്രാമിന് 65 യുഎസ് ഡോളറോ അതില്‍ കൂടുതലോ ആണെങ്കില്‍ കയറ്റുമതി ചെയ്യാൻ അനുമതി നല്‍കുന്നതായിരിക്കും.തങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഇതെന്ന് ഹ്യൂമൻ ഹെയർ ആൻഡ് ഹെയർ പ്രൊഡക്റ്റ്സ് മാനുഫാക്ചറേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ അംഗം സുനിൽ ഈമാനി പറഞ്ഞു.
മ്യാൻമർ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് അസംസ്കൃത മനുഷ്യ മുടി കള്ളക്കടത്ത് നടത്തുന്നതായി റിപ്പോർട്ടുകള്‍ പുറത്തുവന്നതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ ഈ പുതിയ തീരുമാനം. മുടിയുടെ കള്ളക്കടത്ത് പ്രാദേശിക വ്യവസായങ്ങളെയും കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കുന്നതായി സർക്കാർ വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ സൗന്ദര്യ വിപണി ലക്ഷ്യമിട്ടാണ് ഇന്ത്യയില്‍ നിന്നുമുള്ള മനുഷ്യ മുടി കയറ്റുമതി നടക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നുമാണ് പ്രധാനമായും അസംസ്കൃത മനുഷ്യ മുടി കയറ്റുമതി ചെയ്യുന്നത്.
ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് പ്രധാനമായും അസംസ്കൃത മുടി കയറ്റുമതി ചെയ്യുന്നത്. ഇതുകൂടാതെ പശ്ചിമബംഗാളില്‍ നിന്നും മനുഷ്യ മുടി കയറ്റുമതി ചെയ്യാറുണ്ട്. ഈ സംസ്ഥാനങ്ങളിലെ വീടുകളില്‍ നിന്നും ക്ഷേത്രങ്ങളില്‍ നിന്നുമാണ് പ്രധാനമായും അസംസ്കൃത മനുഷ്യ മുടി ശേഖരിക്കുന്നത്.
ഇന്ത്യ കൂടാതെ ചൈന, കംബോഡിയ, വിയറ്റ്നാം, മ്യാൻമർ എന്നീ രാജ്യങ്ങളാണ് ആഗോളതലത്തില്‍ മനുഷ്യ മുടി കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ പ്രകൃതിദത്തമായ മുടി കൊണ്ടുള്ള വിഗ് വലിയ രീതിയില്‍ ഡിമാൻഡ് ഉള്ളതിനാല്‍ മുടിയുടെ നീളത്തിനും കട്ടിക്കും അനുസരിച്ച് വില ലഭിക്കുന്നതാണ്.
ഇന്ത്യയില്‍ നിന്നും രണ്ട് തരം മുടി ആണ് വ്യാവസായക ആവശ്യങ്ങള്‍ക്കായി ശേഖരിക്കുന്നത്. -റെമി മുടി നോണ്‍-റെമി മുടി എന്നാണ് ഇവ അറിയപ്പെടുന്നത്. അസംസ്കൃത മനുഷ്യ മുടി ഇനങ്ങളിലെ ഏറ്റവും മികച്ച ഇനമാണ് റെമി മുടി. മതപരമായ വ്രതങ്ങളുടെ ഭാഗമായി തീർത്ഥാടകർ മുടി ദാനം ചെയ്യുന്ന ക്ഷേത്രങ്ങളില്‍ നിന്നാണ് ഇത് ശേഖരിക്കുന്നത്.
പ്രധാനമായും ഹെയർപീസുകളും വിഗ്ഗുകളും നിർമ്മിക്കുന്നതിനാണ് റെമി മുടി ഉപയോഗിക്കുന്നത്. എന്നാല്‍ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ചെറിയ കൂട്ടം ആളുകള്‍ ശേഖരിക്കുന്ന ഗാർഹിക മാലിന്യമാണ് നോണ്‍-റെമി മുടി. അതായത് സ്ത്രീകളുടെ കൊഴിഞ്ഞുവീഴുന്ന മുടിയിഴകള്‍ കൂട്ടിവെച്ച് ചെറുകിട കച്ചവടക്കാർക്ക് വില്‍പ്പന നടത്തുന്നതാണ് നോണ്‍-റെമി മുടി.
ഗാർഹിക മേഖലയില്‍ നിന്നു കൂടാതെ ബ്യൂട്ടിപാർലർ, ഹെയർ സലൂണ്‍ പോലെയുള്ള ചെറുകിട മേഖലകളില്‍ നിന്നും ഇത്തരം മുടി വിപണിയിലേക്ക് എത്തുന്നുണ്ട്. പാർലറുകളില്‍ തന്നെ കൂടുതല്‍ നീളത്തില്‍ മുറിക്കുന്ന മുടി റെമി വിഭാഗത്തില്‍ വിഗ്ഗ് നിർമ്മാണത്തിനായാണ് വിപണിയില്‍ എത്തുന്നത്. 2023-24 ല്‍ ഇന്ത്യയില്‍ നിന്നുള്ള അസംസ്കൃത മനുഷ്യ മുടിയുടെ കയറ്റുമതി 124 മില്യണ്‍ യുഎസ് ഡോളറായിരുന്നു.
ഈ സാമ്പത്തിക വർഷം ഏപ്രിൽ-നവംബർ കാലയളവിൽ മുടി കയറ്റുമതി 144.26 മില്യൺ യുഎസ് ഡോളറായിരുന്നു, 2020-21ൽ ഇത് 15.28 മില്യൺ യുഎസ് ഡോളറായിരുന്നു.