ഇന്ത്യയുടെ ഭാഗമാണെങ്കിലും ഈ ദ്വീപിലെ ഭാഷയോ ആചാരങ്ങളോ ഒന്നും തന്നെ പുറംലോകത്തിന് അറിയില്ല

ഒരിക്കൽ യാത്രപോയാൽ തിരികെയെത്താൻ കഴിയാത്ത ചില സ്ഥലങ്ങളും ഈ ഭൂമിയിലുണ്ട്. അങ്ങനെയുള്ള ചില സ്ഥലങ്ങളിൽ പോയാൽ മൃതശരീരങ്ങൾ പോലും ലഭിക്കാറില്ല. നമ്മുടെ ഇന്ത്യയ്ക്കും അങ്ങനെയൊരു സ്ഥലം ഉണ്ട്.
അതാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ നോർത്ത് സെന്റിനൽ ദ്വീപ്. ഒരു ചെറിയ കടൽത്തീരത്തിനടുത്തായി വനത്താൽ ചുറ്റപ്പെട്ട ഒരു ചെറിയ ദ്വീപാണിത്. പുറത്തുനിന്നു എത്തുന്നവരെ ഭയക്കുന്ന ഒരു പ്രാകൃത മനുഷ്യസമൂഹം ആണ് ഇവിടെ ജീവിക്കുന്നത്. ദ്വീപിലേക്ക് ചെല്ലുന്നവരെ ആക്രമിച്ചു കൊല്ലുകയാണ് ഇവരുടെ പതിവ്. 60,000 വർഷമായി ഇവർക്ക് പുറം ലോകവുമായി ബന്ധമില്ലെന്നാണ് നരവംശ ഗവേഷകർ പറയുന്നത്.
ടൂറിസ്റ്റുകൾ പോയിട്ട്, മീൻപിടുത്തക്കാർ പോലും ഈ വശത്തേക്ക് അടുക്കില്ല എന്നും പറയുന്നു. 2006-ൽ ഇവിടെ എത്തിയ രണ്ട് മീൻപിടുത്തക്കാരെ കൊന്നതാണ് ഏറ്റവും ഒടുവിൽ പുറംലോകം അറിഞ്ഞത്. താഴ്ന്നുപറക്കുന്ന വിമാനങ്ങളോ ദ്വീപിന് മുകളിലൂടെ വട്ടമിട്ടുപറക്കുന്ന ഹെലികോപ്ടറുകളോ കണ്ടാൽ ഇവർ അമ്പെയ്യുകയും കല്ലെറിയുകയും ചെയ്യും. ഇന്ത്യയുടെ ഭാഗമാണെങ്കിലും ഈ ദ്വീപിലെ ഭാഷയോ ആചാരങ്ങളോ ഒന്നും തന്നെ പുറംലോകത്തിന് അറിയില്ല.
ശിലായുഗത്തിന് തുല്യമായ അവസ്ഥയിൽ തന്നെ ജീവിക്കുന്ന മനുഷ്യരെ ബന്ധപ്പെടാൻ ഇന്ത്യൻ സർക്കാർ ഒട്ടേറെ തവണ ശ്രമിച്ചുവെങ്കിലും കാര്യം നടന്നില്ല. ദ്വീപിന് ചുറ്റും മൂന്ന് മൈൽ ചുറ്റളവിൽ നിരോധിത മേഖലയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിൽ പ്രവേശിക്കുന്നതും അവിടുള്ളവരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതും കുറ്റകരമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട് ജീവിക്കുന്നതിനാൽ പകർച്ചവ്യാധികൾ പിടിപെട്ട് ഈ സമൂഹം തന്നെ ഇല്ലാതാകാനുള്ള സാധ്യത ഏറെയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ പുറംലോകത്തു നിന്ന് എത്തുന്നവരെ, അത് സഹായിക്കാൻ വരുന്നവർ ആളാണെങ്കിൽ കൂടി, ഇവർ ആക്രമിക്കും. സുനാമി സാരമായി ബാധിച്ച ഈ ദ്വീപിനു സഹായമെത്തിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അവര്‍ അമ്പെയ്ത് ഓടിച്ചു. അന്ന് ഹെലികോപ്റ്ററുകള്‍ക്ക് നേരെ അമ്പെയ്യുന്ന ദ്വീപുവാസിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
വേട്ടയും വനോൽപന്നങ്ങളുമാണ് പ്രധാന ഭക്ഷണമാർഗം. കാട്ടുപന്നിയുടെ മാംസം വ്യാപകമായി ഇവർ ഭക്ഷിക്കുന്നുണ്ട്. മൽസ്യം, കടലാമ, തേൻ, പാൻഡനസ് എന്ന പഴം, വിവിധ വേരുകൾ തുടങ്ങിയവയും കഴിക്കാറുണ്ട്. തീയുപയോഗിച്ച് വറുത്താണ് ഇവർ മാംസവും മൽസ്യവുമൊക്കെ കഴിക്കാറുള്ളത്. എങ്കിലും വളരെ കുറഞ്ഞ പ്രതിരോധശേഷിയാണ് ഇവർക്കുള്ളതെന്ന് പറയുന്നു.
കപ്പലുകൾക്കു തീരത്ത് അടുക്കാനാകാത്ത വിധം പവിഴപ്പുറ്റുകൾ നിറഞ്ഞ ഒരു മേഖല ദ്വീപിനു ചുറ്റുമുണ്ട്. ദ്വീപിനു കുറുകെ ഹെലികോപ്റ്റർ പറത്തരുതെന്ന് ഒരു ചട്ടവുമുണ്ട്. ദ്വീപിലേക്ക് അറിഞ്ഞോ അറിയാതെയോ എത്തിയ ഒരാള്‍ക്കുപോലും അവിടെയൊന്ന് കാലുകുത്താന്‍ പോലും സാധിച്ചില്ല. ആ മണ്ണിലിറങ്ങിയവരെല്ലാം കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
2011-ലെ സെന്‍സസ് അനുസരിച്ച് 40 ഗോത്രവംശജര്‍ ഇവിടെയുണ്ടെന്നാണ് കരുതുന്നത്. ഇപ്പോഴെത്ര പേരുണ്ടെന്നതിനുള്ള വ്യക്തമായ കണക്കുമില്ല. കടലില്‍ തകര്‍ന്ന് കരയ്ക്കടിയുന്ന കപ്പലുകളുടെ അവശിഷ്ടങ്ങളിലെ ഇരുമ്പു കൊണ്ടുണ്ടാക്കുന്ന അമ്പുകളാണ് ഇപ്പോഴും ഇവരുടെ പ്രധാന ആയുധം.