യുഎസില്‍ നിന്നും നാടുകടത്തി അമൃത്സറില് ഇറങ്ങിയ രണ്ടുപേര്‍ കൊലക്കേസില്‍ അറസ്റ്റില്‍

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി നാടുകടത്തി അമൃത്സറിലെത്തിച്ച ഇന്ത്യാക്കാരില്‍ രണ്ട് യുവാക്കള്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായി. പട്യാല ജില്ലയിലെ രാജ്പുര സ്വദേശികളായ സന്ദീപ് സിങ് എന്ന സണ്ണി, പ്രദീപ് സിങ് എന്നിവരാണ് അറസ്റ്റിലായത്. അമൃത്സറില് വിമാനമിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
2023 ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കൊലപാതകക്കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് നാനാക് സിങ് അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് ഇവരടക്കം, അനധികൃത കുടിയേറ്റക്കാരായ 116 ഇന്ത്യക്കാരെ സി-17 സൈനിക വിമാനത്തില്‍ അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്.
സന്ദീപിനും മറ്റ് നാല് പേര്‍ക്കുമെതിരെ 2023 ജൂണിലാണ് രാജ്പുരയില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അന്വേഷണത്തില്‍ ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍, സന്ദീപിന്റെ കൂട്ടാളിയായ പ്രദീപിന്റെ പേരും എഫ്ഐആറില്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ നിന്നുള്ള വിമാനം അമൃത്സറില് ലാന്‍ഡ് ചെയ്തപ്പോള്‍, പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ രാജ്പുരയില്‍ നിന്നുള്ള പൊലീസ് സംഘം തയ്യാറായി നില്‍ക്കുകയായിരുന്നു.